സ്ത്രീകള്‍ പരാതി പറയാൻ ധൈര്യപൂര്‍വം മുന്നോട്ടുവരുന്നു -വനിത കമീഷന്
text_fieldsപാലക്കാട്: കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് സ്ത്രീകള്‍ പരാതി പറയാൻ ധൈര്യപൂര്‍വം മുന്നോട്ടുവരുന്നു എന്നതിന്റെ സൂചനയാണെന്ന് വനിത കമീഷന് അംഗം വി.ആര്. മഹിളാമണി പറഞ്ഞു. ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തിയ വനിത കമീഷന് സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കാൻ അവര്‍ തയാറായി വരുന്നുണ്ട്.
വനിത കമീഷന്റെ നേര് പരിച്ഛേദമാണ് തദ്ദേശ സ്ഥാപന തലത്തിലുള്ള ജാഗ്രത സമിതികള്‍. സാധാരണ പ്രദേശത്ത് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നങ്ങള്‍ തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രത സമിതികള്‍ വഴി പരിഹരിക്കാം. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത സമിതിക്ക് ആവശ്യമായ പരിശീലനം വനിത കമീഷന് നല്‍കുന്നുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവബോധം നല്കാൻ സെമിനാറുകളും സ്കൂള്‍ കുട്ടികള്‍ക്കായി ലഹരി, ലിംഗ സമത്വം, പോക്സോ വിഷയങ്ങളില്‍ ബോധവത്കരണങ്ങള്‍ എന്നിവയും നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി, അണ് എയ്ഡഡ് സ്കൂളില്‍ ജോലി ചെയ്യുന്ന അധ്യാപികയെ പിരിച്ചുവിടുകയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്ത വിഷയം, സ്വത്തുതര്‍ക്കം, അയല്പക്ക പ്രശ്നങ്ങള്‍, വഴിത്തര്‍ക്കം ഉള്‍പ്പെടെ 22 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്.
രണ്ടെണ്ണം തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. ഒരെണ്ണം കൗണ്‍സലിങ്ങിന് വിട്ടു. 16 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അഡ്വ. സി. ഷീബ, വനിത സെല്‍ സബ് ഇന്‍സ്പെക്ടര്‍ എ. സോഫിയ, സി.പി.ഒ ഡി. മായ, കൗണ്‍സലര്‍മാരായ പി. ജിജിഷ, സ്റ്റെഫി എബ്രഹാം, ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.