ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...
text_fieldsപെരുവെമ്പ്: പരിസ്ഥിതി ദിനത്തിൽ നാട്ടിൻപുറങ്ങളിൽനിന്നും തൈകൾ ശേഖരിച്ച് രക്ഷിതാക്കളും വിദ്യാർഥികളും. പാരന്റ്സ് ആൻഡ് ചിൽഡ്രൻസ് ഓർഗനൈസേഷൻ പാലക്കാട് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വാക, പുളി, നെല്ലി, വേപ്പ് തുടങ്ങിയ വൃക്ഷങ്ങളുടെ താഴെ വിത്തുകൾ വീണ് മുളച്ചു വന്ന ചെടികൾ ശേഖരിച്ച് റോഡരികിൽ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കൊല്ലങ്കോട്, പെരുവെമ്പ്, പുതുനഗരം, തത്തമംഗലം, കൊടുവായൂർ, വടവന്നൂർ പ്രദേശങ്ങളിലെ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
പരിസ്ഥിതി ദിന ചിന്ത എന്ന പേരിൽ ഒരാഴ്ച നീളുന്ന തൈകൾ ശേഖരിക്കലും നട്ടുപിടിപ്പിക്കലുമാണ് ലക്ഷ്യമെന്ന് പാരന്റ്സ് ആൻഡ് ചിൽഡ്രൻസ് ഓർഗനൈസേഷൻ പ്രസിഡന്റ് എ. കാജാ ഹുസൈൻ പറഞ്ഞു. ഭാവി തലമുറക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ പരിസ്ഥിതി ചിന്ത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനമെന്ന് സംഘാടകർ പറഞ്ഞു. അഞ്ഞൂറിലധികം തൈകളാണ് വിവിധ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച് പഞ്ചായത്ത്-പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ നടുന്നത്.
തൈനടാൻ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കാറില്ലെന്നും ചിരട്ടയിൽ മണ്ണ് നിറച്ചാണ് തൈകൾ സൂക്ഷിക്കുന്നതെന്നും എ. കാജാ ഹുസൈൻ പറഞ്ഞു. പെരുവെമ്പ് പഞ്ചായത്തിൽ തൈ സമാഹരിക്കലിന് എസ്. സൂര്യജിത്ത്, ആർ. ഉജ്വൽ, കെ. നിഹാദ്, എ. ആസിഫ് ഖാൻ, ആർ. റോബിൻ, എസ്. ആദർശ്, എ. അൻഷിഫ് ഖാൻ, എ. കാജാ ഹുസൈൻ, എ. സാദിഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.