നഗരത്തിൽ സീബ്രലൈൻ കാണാൻ ഭൂതക്കണ്ണാടി വേണം
text_fieldsപാലക്കാട്: കാല്‍നടയാത്രികര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ വരച്ച സീബ്രലൈന്‍ നഗരസഭ പരിധിയിൽ കാണാൻ നന്നേ കഷ്ടപ്പെടണം. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ലൈനുകൾ മാഞ്ഞുപോയി. വാഹനങ്ങൾക്ക് ദൂരെനിന്ന് ഇവ തിരിച്ചറിയാൻ ഭൂതക്കണ്ണാടി വേണമെന്നതാണ് അവസ്ഥ. നഗരത്തിലെ പ്രധാന ജങ്ഷനുകളിലും ബസ്സ്റ്റോപ്പുകളിലും സീബ്രലൈനുകളില്ല. മിഷൻ സ്കൂൾ, ജില്ല ആശുപത്രിക്ക് മുൻവശം, ഹെഡ്പോസ്റ്റ് ഓഫിസ്, കെ.എസ്.ആർ.ടി.സി ജങ്ഷൻ, താരക്കാട് മോയൻസ്, പി.എം.ജി സ്കൂൾ, സ്റ്റേഡിയം ബസ്സ്റ്റാൻഡ് എന്നിവടങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ യാത്രക്കാർ നന്നേ കഷ്ടപ്പെടുകയാണ്.
ഇടവേളക്കുശേഷം വിദ്യാലയങ്ങൾ തുറന്നതോടെ സ്കൂൾ ജങ്ഷനുകളിൽ രാവിലെയും വൈകീട്ടും നല്ല തിരക്കാണ്. വിക്ടോറിയ കോളജ് ജങ്ഷൻ, മിഷൻ സ്കൂൾ എന്നിവിടങ്ങളിൽ നടപ്പാലം നിർമിച്ചുണ്ടെങ്കിലും ഭിന്നശേഷിക്കാർക്കും വയോധികർക്കും ഇതിലൂടെ പോകാൻ കഴിയില്ല. നഗരത്തിലെ റോഡുകൾ ഭൂരിഭാഗവും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതോടെയാണ് ചിലയിടങ്ങളിലെ സീബ്രലൈൻ മാഞ്ഞുപോയത്. കുഴികൾ താൽക്കാലികമായി നികത്തിയെങ്കിലും ലൈനുകൾ പുനഃസ്ഥാപിച്ചില്ല. നഗരസഭയാണ് റോഡുകളിൽ സീബ്രലൈനുകൾ സ്ഥാപിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.