17ാം വയസ്സിൽ വിമാനം പറപ്പിച്ചു; യങ്ങസ്റ്റ് സ്റ്റുഡന്റ് പൈലറ്റായി കണ്ണൻ
text_fieldsപാലക്കാട്: പതിനേഴാം വയസ്സിൽ വിമാനം പറപ്പിച്ച് സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പറളി കിണാവല്ലൂർ സ്വദേശി എം. കണ്ണൻ. പ്ലസ് ടു പരീക്ഷ കഴിഞ്ഞയുടൻ തൃശൂരിലെ ഫ്ലയിങ് അക്കാദമിയിൽ പൈലറ്റ് പരിശീലനത്തിന് ചേർന്ന കണ്ണൻ മാസങ്ങൾക്കുള്ളിൽ വിമാനം പറപ്പിച്ച് യങ്ങസ്റ്റ് സ്റ്റുഡന്റ് പൈലറ്റ് എന്ന നേട്ടം കരസ്ഥമാക്കി. കാലാവസ്ഥശാസ്ത്രം, എയർ റെഗുലേഷൻ, എയർ നാവിഗേഷൻ എന്നീ മൂന്നു പേപ്പറുകളിലെ പരീക്ഷ പാസായാലാണ് പൈലറ്റ് പരിശീലനത്തിന് പ്രവേശനം ലഭിക്കുക. ക്ലാസ് വൺ, ക്ലാസ് ടു എന്നിങ്ങനെ രണ്ടു തരം മെഡിക്കൽ പരിശോധനയും പാസാകണം. ഇതെല്ലാം വിജയകരമായി പൂർത്തിയാക്കിയാണ് കണ്ണൻ പൈലറ്റ് പരിശീലനത്തിന് ചേർന്നത്.
പരിശീലനത്തിനിടെ കണ്ണന്റെ മികവ് കണ്ട് അക്കാദമിയിലെ ക്യാപ്റ്റൻ വികാസ് വിക്രംദാസ് നായരാണ് നോർത്ത് ആഫ്രിക്കയിലെ തുനീഷ്യയിലേക്ക് റഫർ ചെയ്യുന്നത്. വിദ്യാർഥികൾക്കായി സ്കോളർഷിപ്പോടുകൂടിയുള്ള പറക്കൽ പരിശീലനമാണ് തുനീഷ്യയിലെ സേഫ് ഫ്ലൈറ്റ് അക്കാദമി ഒരുക്കിയിരുന്നത്. 45 ദിവസത്തെ കോഴ്സിനൊടുവിൽ ആഗസ്റ്റ് 24നാണ് ഡയമണ്ട് ബി.എ 40 എയർക്രാഫ്റ്റ് എന്ന നാലുസീറ്റുള്ള കൊച്ചുവിമാനം കണ്ണൻ വിജയകരമായി പറത്തിയത്. ഇതുവഴി തുനീഷ്യൻ എയർക്രാഫ്റ്റിൽ പറന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ ബോയ് എന്ന നേട്ടമാണ് കണ്ണനെ തേടിയെത്തിയത്. ഇതിന്റെ സർട്ടിഫിക്കറ്റുകൾ ഉടനെ ലഭിക്കുമെന്ന് കണ്ണന്റെ പിതാവ് എം. മുകേഷ് പറഞ്ഞു. കമേഴ്സ്യൽ പൈലറ്റ് ട്രെയിനിങ്ങാണ് കണ്ണൻ നടത്തുന്നത്.
പറളി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു കഴിഞ്ഞ കണ്ണൻ മികച്ച ഷൂട്ടിങ് താരവുമാണ്. 25 മീറ്റർ സ്പോർട്സ് പിസ്റ്റൾ, 25 മീറ്റർ സെറ്റർ ഫയർ പിസ്റ്റൾ എന്നിവയിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. കണ്ണന്റെ സഹോദരൻ നന്ദൻ യോഗയിലുൾപ്പെടെ വിവിധ ലോക റെക്കോഡുകൾ നേടിയ താരമാണ്. പറളി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന നന്ദൻ നിലവിൽ ഒളിമ്പിക്സ് ഇനമായ ഫെൻസിങ് പരിശീലനത്തിലാണ്. ഈ വിഭാഗത്തിൽ ദേശീയതലം വരെ മത്സരിച്ചിട്ടുണ്ട്. മാതാവ് കെ.സി. സരിതയും മക്കൾക്ക് എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.