യുവത്വം മാറ്റുരക്കുന്ന തൃത്താല
text_fieldsതൃത്താല: കോണ്‍ഗ്രസിലേയും സി.പി.എമ്മിലേയും തലമുറമാറ്റം ഇത്രകണ്ട് ആവേശമാകുന്ന മണ്ഡലങ്ങളിലൊന്ന് തൃത്താലയാവും. തെരഞ്ഞെടുപ്പിന് മുേമ്പ സമൂഹ മാധ്യമങ്ങളില്‍ പോരാട്ടം മുറുകിയ മണ്ഡലത്തിൽ ചർച്ചയും പ്രചാരണവും ചുവരുകളിൽ നിന്നും സൈബർ ലോകത്തേക്കും പടരുകയാണ്. സിറ്റിങ് എം.എൽ.എ കോൺഗ്രസിലെ വി.ടി. ബൽറാമും സി.പി.എമ്മിെൻറ മുൻ എം.പി എം.ബി. രാജേഷും സൈബർ ഇടങ്ങളിൽ ബി.ജെ.പി ആശയങ്ങളുമായി പോരാടുന്ന അഭിഭാഷകൻ ശങ്കു ടി. ദാസും പോരിനിറങ്ങിയപ്പോൾ മണ്ഡലത്തിൽ വീറും വാശിയുമേറിയ പോരാട്ടമുറപ്പായി.
എസ്.ഡി.പി.െഎയും, ബി.എസ്.പി, സ്വതന്ത്രരും അപരന്മാരുമടക്കം 11 പേരാണ് മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. ഇടതു കോട്ടയെന്ന് സി.പി.എം വിശേഷിപ്പിച്ചിരുന്ന തൃത്താല കോണ്‍ഗ്രസിെൻറ യുവനേതാവ് വി.ടി. ബല്‍റാം 2011ല്‍ പിടിച്ചെടുത്തതോടെയാണ് മണ്ഡലം രാഷ്ട്രീയ കേരളത്തിെൻറ ശ്രദ്ധയാകർഷിച്ചത്. 2016ലും വി.ടി. ബല്‍റാം മണ്ഡലം നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തൃത്താലയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ മുറുകിയിരുന്നു. മൂന്നാം തവണയും ബല്‍റാം തന്നെയെന്ന കാര്യത്തില്‍ ആശങ്കയില്ലായിരുന്നുവെങ്കിലും ഔപചാരികമായുള്ള പ്രഖ്യാപനം അവസാന റൗണ്ടിലാണ് വന്നത്. തൃത്താല യു.ഡി.എഫിെൻറയെന്നപോലെ ഇടതു മുന്നണിയുടെ അഭിമാനപ്രശ്നംകൂടിയാണ്.
സമൂഹ മാധ്യമത്തില്‍ എ.കെ.ജിക്കെതിരെ ബല്‍റാം നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് എം.എല്‍.എയുടെ പൊതുപരിപാടികള്പോലും സി.പി.എം ബഹിഷ്കരിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ ഇടക്കാലത്ത് കെട്ടടങ്ങിയെങ്കിലും തെരഞ്ഞെടുപ്പടുത്തതോടെ വീണ്ടും സൈബർ ചർച്ചകളിലടക്കം സജീവമാവുകയാണ്. രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലുടനീളമുള്ള വ്യക്തിബന്ധമാണ് ബല്റാമിെൻറ മികവ്. 2011ലെ ആദ്യ വിജയത്തിന് ശേഷം ബൽറാമിെൻറ രാഷ്ട്രീയ സൂചിക ഉയരുന്നതാണ് കണ്ടത്. 2016ല്‍ ഭൂരിപക്ഷം പതിനായിരത്തിനും മുകളിലായി. തൃത്താലയില്‍ 10 വര്‍ഷം കൊണ്ടുവന്ന വികസന നേട്ടങ്ങള്‍തന്നെയാണ് ബൽറാമിെൻറ പ്രചാരണ വിഷയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴു പഞ്ചായത്തുകളില്‍ ഒരെണ്ണം മാത്രമാണ് യു.ഡി.എഫിനൊപ്പമുണ്ടായിരുന്നത്.
എന്നാല്‍, ഇക്കുറി നാലു പഞ്ചായത്തുകളില്‍ ഭരണം കിട്ടിയതും യു.ഡി.എഫിന് പ്രതീക്ഷയാണ്. മികച്ച പാര്ലമെേൻററിയനെന്ന വിശേഷണത്തിന് ഉടമയായ മുന്‍ എം.പി എം.ബി. രാജേഷ് ഇടതു സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് മത്സരത്തിന് വീറും വാശിയും ഏറിയത്. 10 വര്‍ഷം പാലക്കാടിനെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്ത ശ്രദ്ധേയനായ നേതാവിനെ ലഭിച്ചതിെൻറ ആവേശത്തിലാണ് ഇടതുപാളയം. തൃത്താലയിലേത് അഭിമാന പോരാട്ടമായതുകൊണ്ടുതന്നെ ഉറപ്പുള്ള മണ്ഡലങ്ങളുണ്ടായിട്ടും എം.ബി. രാജേഷിനെ തൃത്താലയില്‍ തന്നെ നിയോഗിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. പതിവുശൈലികൾക്കപ്പുറം വലിയ രീതിയിലുള്ള പ്രചാരണമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാജേഷിനായി നടത്തുന്നത്.
ശബരിമല വിഷയത്തില്‍ കോടതിവിധി നടപ്പാക്കണമെന്ന് ശക്തമായി വാദിച്ച രണ്ടു യുവനേതാക്കളെ എതിരിടുകയാണ് പ്രായത്തിൽ ഇളപ്പമുള്ള ശങ്കു ടി. ദാസിെൻറ ലക്ഷ്യം. 2016ല്‍ 1,55,635 വോട്ടര്‍മാര്‍. ആകെ പോള്‍ ചെയ്തതില്‍ 47.16 ശതമാനം (66,505 വോട്ടുകള്‍) വോട്ടും നേടിയാണ് ബല്റാമിെൻറ വിജയം. ഇടതുപക്ഷത്ത് സുബൈദ ഇസ്ഹാഖിന് 39.68 ശതമാനം (55,958 വോട്ടുകള്‍) വോട്ടാണ് കിട്ടിയത്. എന്‍.ഡി.എയുടെ പ്രഫ. വി.ടി. രമ 10.29 ശതമാനം (14,510 വോട്ടുകള്‍) വോട്ട് നേടി. നിലവില്‍ 1,94,108 വോട്ടര്‍മാരുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ മണ്ഡലത്തിൽ നിര്‍ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.