മലമ്പുഴ റോപ്പ് വേയില്‍ യുവാക്കള്‍ ‘കുടുങ്ങി’; ആശങ്ക... ഒടുവിൽ ആശ്വാസം
text_fieldsപാലക്കാട്: സമയം രാവിലെ 10.15. മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ എത്തിതുടങ്ങിയിരുന്നു. മഴ പെയ്തു തോര്‍ന്ന സമയം. ശാന്തമായി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്ന സന്ദര്‍ശകരെ വഹിച്ചുകൊണ്ട് മലമ്പുഴ റോപ്പ് വേ ശാന്തമായി നീങ്ങിതുടങ്ങി. പെട്ടെന്നാണ് ആ ആകസ്മിക സംഭവം. റോപ്പ് വേയുടെ ചലനം പെട്ടെന്ന് നിലച്ചു. രണ്ട് യുവാക്കള്‍ കുടുങ്ങി. സന്ദര്‍ശകരുടെ തിരക്ക് തുടങ്ങുന്ന സമയമായിരുന്നതിനാല്‍ ഭാഗ്യവശാല്‍ രണ്ട് യുവാക്കള്‍ മാത്രമാണ് കുടുങ്ങിയത്. ഉടന്‍ തന്നെ റോപ് വേ അധികൃതര്‍ പാലക്കാട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
അഗ്നിരക്ഷാസേന ജില്ല എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ വിവരം അറിയിച്ച ശേഷം ഉടന്‍ തന്നെ സ്ഥലത്തെത്തി. ഈ സമയത്ത് തന്നെ ജില്ല എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍നിന്നും കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പൊലീസ്, ആരോഗ്യവകുപ്പ് അധികൃതര്‍ക്കും വിവരം കൈമാറി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനക്ക് യുവാക്കളെ താഴെയിറക്കാനുള്ള പ്രവര്‍ത്തം ശ്രമകരമാവുന്ന സാഹചര്യത്തില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ദേശീയ ദുരന്ത നിവാരണ സേനയെ ബന്ധപ്പെടുന്നു. രാവിലെ 10.15 ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
10.18 ന് അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവര്‍ത്തനം ശ്രമകരമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്‍.ഡി.ആര്.എഫ് ടീമിനെ വിളിച്ചു. പോലീസിനെയും അറിയിച്ചു. 10.25 ഓടുകൂടിടി.ഇ.ഒ.സി(താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍സെന്റര്‍)യെ അറിയിച്ചു. 10.25 ന് എന്‍.ഡി.ആര്.എഫ് സംഘം എത്തി. 10.37 ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസ്സമായിരുന്നു. തുടര്‍ന്ന് 10.46 ന് വടം കെട്ടിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയന് ആര്‍ക്കോണം തമിഴ്നാട് നിന്നുള്ള സംഘത്തിലെ അങ്കിത് റാത്തിയും ശ്രീകാന്തും എല്ലാവിധ സുരക്ഷാ സന്നാഹങ്ങളോടെയും റോപ്പിന് മുകളിലൂടെ യുവാക്കളുടെ അടുത്തെത്തി.
11.18 ന് ആദ്യത്തെ വ്യക്തിയെയും 11.26 ന് രണ്ടാമത്തെ വ്യക്തിയെയും രക്ഷപ്പെടുത്തി. താഴെയിറക്കിയ യുവാക്കളെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ജലസേചന വകുപ്പിന്റെ കെട്ടിടത്തില്‍ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലെത്തിച്ച് വൈദ്യസഹായം നല്കി. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് രണ്ടാമത്തെ യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏകദേശം 11.30 ഓടെ രക്ഷാപ്രവര്‍ത്തനം വിജയകരമായി അവസാനിച്ചു. മോക് ഡ്രില്ലും വിജയകരമായി.
സഹകരണം ഉറപ്പാക്കി ജില്ല ദുരന്തനിവാരണ അതോറിറ്റി
പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ എന്‍.ഡി.ആര്.ഫ് നടത്തിയ മോക്ക് ഡ്രില്ലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സമ്പൂര്‍ണ സഹകരണം ഉറപ്പാക്കി ജില്ല ദുരന്തനിവാരണ അതോറിറ്റി. രാവിലെ 10.15 ഓടു കൂടിയാണ് അപകട വിവരം അറിയിച്ച് പാലക്കാട് അഗ്നിരക്ഷാസേനക്ക് ഫോണ്‍ വന്നത്. ഉടന്‍ തന്നെ ജില്ല ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉണര്‍ന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ പഴയ പി.എസ്.സി ഓഫീസില്‍ നടന്ന ജില്ലാതല പ്രവര്‍ത്തനങ്ങളില്‍ ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര റെസ്പോണ്സിബിള് ഓഫിസറായി.
ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡറായി എല്‍.എസ്.ജി.ഡി എ.ഡി.ഐ എം.പി രാമദാസ്, പ്ലാനിങ് സെഷന് ചീഫായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ പാലക്കാട് സ്റ്റേഷന് ഓഫിസര്‍ ആര്. ഹിദേഷ്, സേഫ്റ്റി ഓഫീസറായി അസിസ്റ്റന്റ് സര്ജന് ഡോ. അനൂബ് റസാക്ക്, മീഡിയ ഓഫിസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.