Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:02 AM GMT Updated On
date_range 6 Jun 2022 12:02 AM GMTസിൽവർ ലൈൻ: പരിസ്ഥിതി ദിനത്തിൽ വാഴ നട്ട് പ്രതിഷേധം
text_fieldsbookmark_border
മല്ലപ്പള്ളി: പരിസ്ഥിതി ദിനത്തിൽ നിർദിഷ്ട സിൽവർ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ വാഴകൾ നട്ട് കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. സിൽവർ ലൈനെ അനുകൂലിക്കുന്ന ഓരോ ജില്ലയിലെയും ഓരോ ഭരണകക്ഷി എം.എൽ.എമാർക്കും ഓരോ വാഴത്തൈ എന്ന ക്രമത്തിൽ വാഴകൾ നട്ട് പ്രതീകാത്മക പ്രതിഷേധം നടത്താനാണ് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആഹ്വാനം നൽകിയിരുന്നത്. പാത കടന്നുപോകുന്ന 11 ജില്ലകളിൽ ഒമ്പത് വാഴ വീതം വെക്കുന്നതാണ് പരിപാടി. ജില്ലതല ഉദ്ഘാടനം കുന്നന്താനം നടക്കലിൽ സിൽവർ ലൈൻ വിരുദ്ധ ഐക്യദാർഢ്യ സമിതി ജില്ല ചെയർമാൻ ജോസഫ് എം. പുതുശ്ശേരി നിർവഹിച്ചു. കെ-റെയിൽ അടക്കം വിനാശ വികസന പദ്ധതികൾക്കെതിരായ തൃക്കാക്കര വിധിയെഴുത്തിന്റ കടുത്ത ആഘാതത്തിന്റ പേരിൽ മൗനം ഭജിക്കുകയല്ല, തെറ്റുകൾ ബോധ്യപ്പെട്ട് അവ ഏറ്റുപറഞ്ഞു തിരുത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അതിനായി അദ്ദേഹം മൗനം വെടിയണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപന സമയത്ത് അമേരിക്കയിൽ ആയിരുന്നിട്ടുപോലും സ്ഥാനാർഥിക്ക് വീരപരിവേഷം ചാർത്താനും അട്ടിമറി വിജയത്തിന്റെ ആരവം മുഴക്കാനും സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ച മുഖ്യമന്ത്രി, ഇപ്പോൾ ജനവിധി നേരിട്ട് കണ്ടും കേട്ടുമിരുന്നിട്ടും പ്രതികരിക്കാതെ ഒളിച്ചുകളിക്കുന്നത് ജനവിധിയെ ധിക്കരിക്കുന്നതിനു തുല്യമാണെന്നും പുതുശ്ശേരി പറഞ്ഞു. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല ചെയർമാൻ അരുൺ ബാബു അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ മുരുകേഷ് നടക്കൽ, ജോസഫ് വെള്ളിയാംകുന്നത്തു, ടി.എസ്. എബ്രഹാം, റിജോ മാമ്മൻ, രാധാ എൻ. നായർ എന്നിവർ സംസാരിച്ചു. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ആഹ്വാനം ചെയ്ത പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി അലൈൻമെന്റ് കടന്നുപോകുന്ന സ്ഥലങ്ങളിൽ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷത്തൈകളും വെച്ചുപിടിപ്പിക്കും. ------------------ ഫോട്ടോ: സിൽവർ ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ സിൽവർ ലൈൻ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിക്കുന്നതിന്റെ ജില്ലതല ഉദ്ഘാടനം ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story