Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:34 AM IST Updated On
date_range 1 Feb 2022 5:34 AM ISTസവിശേഷം വിശേഷം പംക്തി
text_fieldsbookmark_border
അടിനിർത്തൽ പ്രഖ്യാപനം ''കോംപ്ലിമെന്‍റ്സ്, കോം....പ്ലിമെന്‍റ്സ്, എല്ലാം കോംപ്ലിമെൻസാക്കി''. എന്നാണ് മിനഞ്ഞാന്ന് ഇരുകക്ഷി നേതാക്കളും ഉഭയകക്ഷി ചർച്ചക്കുശേഷം പ്രഖ്യാപിച്ചത്. ഇങ്ങനെ നേതാക്കൾ അടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അകമ്പടിയായി പരസ്പരം കൈകുടയലോ കെട്ടിപ്പിടിയോ ഉണ്ടായില്ല. പുറമെ, വെടിനിർത്തിയെങ്കിലും ഉള്ളിൽ പലതും നീറുന്നുണ്ടെന്നാണ് വിവരം. അതിർത്തിയിലും മറ്റും സൈനികർ തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും അതിനുപിന്നാലെ വെടിപൊട്ടുകയും ചെയ്യുന്ന പ്രതിഭാസം ഇവിടെയും ഉണ്ടാകുമോ എന്ന ആശങ്ക എല്ലാവരുടെ ഉള്ളിലും പുകയുന്നുണ്ട്. തെരുവിലിട്ട് തല്ലുമെന്ന ഭീഷണികൾ പലരും കേട്ടിട്ടുണ്ടെങ്കിലും സംഗതി കാണുന്നത് ഇപ്പോഴാണ്. തല്ലുകയും രംഗം ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും അങ്ങനെ ഞങ്ങളോട് കളിച്ചാൽ ഇങ്ങനിരിക്കും സൂക്ഷിച്ചോ എന്ന സന്ദേശം നൽകുകയും ചെയ്യുന്ന ഗുണ്ടകളുടെ പുതു ശൈലിയാണ് അങ്ങാടിക്കലിലെ ഡി.വൈ.എഫ്.ഐക്കാർ കാട്ടിയതെന്നാണ് തല്ലുകൊണ്ട സി.പി.ഐക്കാർ പറയുന്നത്. തെരുവിലിട്ട് പട്ടിയെയാണ് ഇങ്ങനെ തല്ലിയിരുന്നതെങ്കിൽ, അതിന്റെ ദൃശ്യമാണ് ഇങ്ങനെ പ്രചരിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. തല്ലിയവന്മാരെ കൈയോടെ പൊക്കി മൃഗപീഡനത്തിന് ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി അകത്താക്കുമായിരുന്നു പൊലീസ്. ഇതിപ്പോൾ തല്ല് കിട്ടിയത് പാവം സി.പി.ഐക്കാർക്കായപ്പോൾ സംഗതി പൊടി രസംതന്നെയെന്ന നിലപാടിലാണ് പൊലീസും. സി.പി.ഐ കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അവരുടെ മുൻ ഗ്രാമ പഞ്ചായത്ത് അംഗവും പട്ടികളെപ്പോലെ കിടന്ന് തല്ലുകൊള്ളുന്നതിന്റെ ദൃശ്യം നാടാകെ പ്രചരിച്ചിട്ടും പൊലീസുകാർ കേസെടുത്തിട്ടില്ല. തല്ലുകിട്ടിയ ഇരുവരും ജില്ല സെക്രട്ടറി എ.പി. ജയന്റെ നേതൃത്വത്തിലാണ് പൊലീസിൽ പരാതി നൽകിയത്. അതേസമയം, 16ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മറ്റ് സംഘർഷം, വീടാക്രമണം എന്നിവക്കെല്ലാം കേസുണ്ട്. പ്രതികളായ 14 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽനിന്നുതന്നെ ജാമ്യത്തിൽ വിട്ടു. തല്ല് പട്ടിക്കല്ല, സി.പി.ഐക്കാർക്കായാൽ ഇത്രയേ ഉള്ളൂ. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐക്കാർ ഉയർത്തിയ ആരോപണം ഇപ്പോഴും നാട്ടിൽ പ്രചരിക്കുന്നുണ്ട്. 15 വർഷത്തോളമായി ചന്ദനപ്പള്ളി സർവിസ് സഹകരണ ബാങ്ക് ഭരിക്കുന്ന സി.പി.എമ്മുകാർ ഒന്നരക്കോടി കട്ടുമുടിച്ചുവെന്നായിരുന്നു ആരോപണം. അങ്ങാടിക്കൽ ബാങ്കിലും അഴിമതിയാണെന്ന് ആരോപിച്ചു. ഇപ്പോൾ അടിനിർത്തൽ പ്രഖ്യാപനത്തിനൊപ്പം സി.പി.ഐ ജില്ല നേതൃത്വം പറഞ്ഞത് അഴിമതി ആരോപണങ്ങൾ ഇനി ഉന്നയിക്കില്ല എന്നാണ്. ഇത് കേട്ടുനിന്നവർ പറഞ്ഞത് അടികൊടുത്തതുകൊണ്ട് സി.പി.എമ്മുകാർക്ക് ഗുണമുണ്ടായി എന്നാണ്. ഇഷ്ടംപോലെ അടികിട്ടി, കാര്യമായ കേസില്ല. ഇനി തല്ലിയവർക്കെതിരെ ഒരക്ഷരംപോലും മിണ്ടില്ല എന്ന് ഏത്തവുമിടുന്നു. അടിയുംകൊണ്ട് പുളിയും കുടിച്ചു എന്നുപറയുന്നത് ഇതിനല്ലേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story