പത്തനംതിട്ടയിൽ ആകെ 10 സ്ഥാനാര്‍ഥികൾ; സൂക്ഷ്മപരിശോധന ഇന്ന്
text_fieldsപത്തനംതിട്ട: പത്രിക സമർപ്പണത്തിന്റെ സമയപരിധി അവസാനിച്ചപ്പോൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് ആകെ 10 പേര്. അപരൻമാർ ഇല്ല. അവസാന ദിവസമായ വ്യാഴാഴ്ച മാത്രം ഏഴ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എൻ.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിക്കും ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിനും യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കും വേണ്ടി പുതുതായി ഒരോ പത്രിക കൂടി ഇന്നലെ സമര്‍പ്പിച്ചു. ഇടതു സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിന് പുറമേ ഡമ്മി സ്ഥാനാര്‍ഥിയായ രാജു എബ്രഹാം കലക്ടര്‍ എസ്.പ്രേം കൃഷ്ണന് മുമ്പാകെ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. 25,000 രൂപ പണമായും നല്കി.
എൻ.ഡി.എ ഡമ്മി സ്ഥാനാര്‍ഥിയായി എസ്. ജയശങ്കര്‍ ഒരു സെറ്റ് പത്രികയും കെട്ടിവെക്കാനുള്ള 25,000 രൂപയും നല്കി. അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി അഡ്വ എം.കെ. ഹരികുമാര്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി കെ.സി.തോമസ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. ബി.എസ്.പി സ്ഥാനാര്‍ഥി അഡ്വ.ഗീതാകൃഷ്ണന്‍ നാല് സെറ്റ് പത്രിക നല്കി. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍) സ്ഥാനാര്‍ഥി ജോയ്. പി മാത്യു രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി വി. അനൂപ് ഒരു സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 12,500 രൂപ പണമായും നല്കി. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ കലക്ടറുടെ മുന്നില്‍ സത്യപ്രസ്താവന നടത്തി. ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകവും ജില്ല കലക്ടര്‍ നല്കി. നാമനിര്‍ദേശ പത്രികകളില്‍ വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടക്കും. ഈ മാസം എട്ടു വരെ പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് തെരഞ്ഞെടുപ്പ്.
കേന്ദ്രതെരഞ്ഞെടുപ്പ് നിരീക്ഷര്‍ ചുമതലയേറ്റു
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ കേന്ദ്രതെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. പൊതുനിരീക്ഷകനായി അരുണ്‍ കുമാര്‍ കേംഭവി, പൊലീസ് നിരീക്ഷകനായി എച്ച്. രാംതലെഗ്ലിയാന, ചെലവ് നിരീക്ഷകനായി കമലേഷ് കുമാര്‍ മീണ എന്നിവര്‍ ചുമതലയേറ്റു. പൊതുനിരീക്ഷകന്‍, ചെലവ് നിരീക്ഷകന് എന്നിവരുടെ ക്യാമ്പ് ഓഫീസ് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും പൊലീസ് നിരീക്ഷകന്റെ ക്യാമ്പ് ഓഫീസ് പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമാണ് പ്രവര്‍ത്തിക്കുന്നത്. നിരീക്ഷകരുടെ മൊബൈല്‍ നമ്പരുകള്‍: പൊതുനിരീക്ഷകന്‍: അരുണ്‍ കുമാര്‍ കേംഭവി - 8547167470, പൊലീസ് നിരീക്ഷകന്: എച്ച് രാംതലെഗ്ലിയാന - 8281544704, ചെലവ് നിരീക്ഷകന്: കമലേഷ് കുമാര്‍ മീണ - 8281540118.
അവസാന ദിനത്തില്‍ എല്ലാ സ്ഥാനാര്‍ഥികളും പത്രിക നല്കി; കൗതുകമായി പത്തനംതിട്ട
പത്തനംതിട്ട: അവസാന ദിവസമായ വ്യാഴാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 10 സ്ഥാനാര്‍ഥികള്‍. ഏഴ് സ്ഥാനാര്‍ഥികള്‍ പുതുതായി പത്രിക സമര്‍പ്പിച്ചപ്പോള്‍ നേരത്തേ പത്രിക സമര്‍പ്പിച്ച മൂന്ന് പേര് ഓരോ സെറ്റ് പത്രിക കൂടി ഇന്നലെ വീണ്ടും സമര്‍പ്പിച്ചു. ഇതോടെയാണ് ഒരു ദിവസം തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ച സ്ഥിതിയുണ്ടായത്.
ആകെ ലഭിച്ചത് 24 സെറ്റ് പത്രികള്‍. ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്ക്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍.കെ ആന്റണി, ബിഎസ്പി സ്ഥാനാര്‍ഥി അഡ്വ ഗീതാ കൃഷ്ണന് എന്നിവര്‍ നാല് സെറ്റ് പത്രിക വീതം നേരത്തെ സമര്‍പ്പിച്ചു. രാജു എബ്രഹാം, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ജോയ് പി മാത്യു എന്നിവര്‍ രണ്ട് സെറ്റ് പത്രികയും എസ്.ജയശങ്കര്‍, അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി അഡ്വ എം.കെ.ഹരികുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ.സി. തോമസ്, വി. അനൂപ് എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.