110 കിലോ പഴകിയ മത്സ്യം പിടികൂടി
text_fieldsതിരുവല്ല: മഴുവങ്ങാട് ചിറയിലെ മത്സ്യമാർക്കറ്റിൽനിന്ന്110 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ്, പൊലീസ് വകുപ്പുകളും സംയുക്തമായി ബുധനാഴ്ച പുലർച്ച മൂന്ന് മുതൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മത്സ്യങ്ങൾ പിടിച്ചെടുത്തത്. വാഹനത്തിൽ പെട്ടിയിൽ കൊണ്ടുവന്ന മത്സ്യം കണ്ടപ്പോൾ തന്നെ പഴകിയതാണെന്ന് ബോധ്യപ്പെട്ടതായി ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. കേര, ചൂര 55 കിലോ, മത്തി 25 കിലോ, തിലോപ്പിയ 30 കിലോ എന്നിവയാണ് പിടിച്ചെടുത്ത് രാസലായനി ഉപയോഗിച്ച് നശിപ്പിച്ചത്. പുലർച്ച റെയ്ഡ് നടന്നതിനാൽ മത്സ്യങ്ങൾ പുറത്തേക്ക് വിൽപന നടത്തുന്നതിന് മുമ്പുതന്നെ പിടികൂടി നശിപ്പിക്കാൻ അധികൃതർക്ക് സാധിച്ചു.
പഴകിയ മത്സ്യം വിൽപനക്ക് എത്തിച്ച വ്യാപാരികളിൽനിന്ന് പിഴ ഈടാക്കി. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആയതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ വൻതോതിലാണ് തിരുവല്ലയിലേക്ക് മത്സ്യം എത്തിക്കുന്നത്. പുലർച്ച രണ്ടുമുതൽ തന്നെ കണ്ടെയ്നർ ലോറികളിൽ ഉൾപ്പെടെ ഇവിടേക്ക് മത്സ്യങ്ങൾ എത്തിക്കുന്നുണ്ട്. മത്സ്യക്ഷാമം ചൂണ്ടിക്കാട്ടി മത്തിയും കേരയുമൊക്കെ വലിയ വിലയ്ക്കാണ് വിൽപന നടത്തിയിരുന്നത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് എസ്.ഐ കവിരാജ്, എസ്.സി.പി.ഒ പ്യാരിലാൽ, സി.പി.ഒ അർജുൻ, ജോജോ എന്നിവർ സുരക്ഷയൊരുക്കി. പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.