13,200 സീറ്റുകൾ; പത്തനംതിട്ട ജില്ലയിൽ തന്നെ പ്ലസ് വൺ പഠിക്കാം
text_fieldsപത്തനംതിട്ട: ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ പേർക്കും പ്ലസ് വണ്ണിന് പ്രവേശനം ഉറപ്പ്. ജില്ലയിൽ 10,194 പേരാണ് ഇക്കുറി എസ്.എസ്.എൽ.സി വിജയിച്ചത്.ഇതിൽ 1570 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസും ലഭിച്ചിട്ടുണ്ട്. ജില്ലയിൽ 13,200 പ്ലസ്വൺ സീറ്റുകളുണ്ട്. എസ്.എസ്.എൽ.സി വിജയിച്ചവരെക്കാൾ സീറ്റുകൾ കൂടുതലുണ്ട്. വിജയിച്ചവരിൽ കുറെ പേർ വൊക്കേഷനൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക്, മറ്റ് കോഴ്സുകൾ എന്നിവക്ക് പോകും. പിന്നെയും സീറ്റുകൾ ഒഴിവ് വരും. ജില്ലയിൽ 32 സർക്കാർ സ്കൂളുകളിലായി 42 സയൻസ് ബാച്ചുകളുണ്ട്.
എയ്ഡഡ് സ്കൂളിൽ 99, അൺ എയ്ഡഡിൽ ആറ് സയൻസ് ബാച്ചുകളുണ്ട്. ആകെ 147 സയൻസ് ബാച്ചുകളുണ്ട്. ഹ്യൂമാനിറ്റീസിന് സർക്കാർ സ്കൂളിൽ -14, എയ്ഡഡിൽ -32മാണ് ബാച്ചുകളുള്ളത്. ആകെ 46. സർക്കാർ, എയ്ഡഡ് സ്കൂളൂകളിൽ യഥാക്രമം 27, 44 കോമേഴ്സ് ബാച്ചുകളുണ്ട്. ആകെ 71 ബാച്ചുകൾ. ജില്ലയിൽ ആകെ 7350 സയൻസ് സീറ്റുകളാണുള്ളത്.
ഇതിൽ സർക്കാർ മേഖലയിൽ 2100 സീറ്റുകളും എയ്ഡഡ്മേഖലയിൽ 4950ഉം അൺഎയ്ഡഡിൽ 300 സീറ്റുകളുമുണ്ട്. ആകെ 3550 കോമേഴ്സ് സീറ്റുകളിൽ 1350 എണ്ണം സർക്കാർ സ്കൂളുകളിലും 2200 സീറ്റുകൾ എയ്ഡഡ് സ്കൂളുകളിലുമാണ്. ഹ്യൂമാനിറ്റീസ് സീറ്റുകൾ മൊത്തം 2300 ആണ്. ഇതിൽ 700 എണ്ണം സർക്കാർ മേഖലയിലും 1600 എണ്ണം എയ്ഡഡ്മേഖലയിലുമാണ്. ജില്ലയിൽ അൺ എയ്ഡഡിൽ കോമേഴ്സ്ഹ്യൂമാനിറ്റീസ് ബാച്ചുകൾ ഇല്ല. ഒരു ബാച്ചിൽ 50 സീറ്റുകളാണുള്ളത്.
ജില്ലയിൽ എല്ലാ പഞ്ചായത്തിലും ഹയർസെക്കൻഡറി സ്കൂളുകളുണ്ട്. മികച്ച സ്കൂളിൽ പ്രവേശനം നേടാനാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. വിജയശതമാനത്തിൽ മുന്നിൽനിൽക്കുന്ന നഗരപ്രദേശങ്ങളിലെ ചില സ്കൂളുകളിൽ ചേരാനാണ് മുൻഗണന നൽകുന്നത്.ഇത് കാരണം ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ സീറ്റുകൾ ധാരാളം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതേതുടർന്ന് അധ്യാപകർ കുട്ടികളെ തേടിയിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.