14,702 സീറ്റുകൾ; പ്ലസ് വൺ സീറ്റിൽ പത്തനംതിട്ട ഹാപ്പി
text_fieldsപത്തനംതിട്ട: ജില്ലയിൽ പ്ലസ് വണ്ണിന് ആവശ്യാനുസരണം സീറ്റുകൾ. ജില്ലയിൽ ഹയർസെക്കൻഡറി പ്രവേശനത്തിന് 81 സ്കൂളുകളിൽ 14,702 സീറ്റുകളുണ്ട്. ഇഷ്ട വിഷയങ്ങളിൽ ഇഷ്ട വിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പിക്കാനുള്ള തിരക്കാണ് ഇനിയുള്ളത്. ഇതിൽ 9736 സീറ്റുകളിൽ ഏകജാലക പ്രവേശനമാണ്. പിന്നീടുള്ളത് മാനേജ്മെന്റ്, കമ്യൂണിറ്റി, അൺഎയ്ഡഡ് സീറ്റുകളാണ്. സ്പോർട്സ് ക്വാട്ടായിൽ 291 സീറ്റുകളുണ്ട്. ഇതിൽ സർക്കാർ സ്കൂളുകളിൽ 96, എയ്ഡഡ് മേഖലയിൽ 193 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.
സീറ്റുകൾ അധികം
എസ്.എസ്.എൽ.സിക്ക് ഉപരിപഠന യോഗ്യത നേടിയ ജില്ലയിലെ എല്ലാ കുട്ടികൾക്കും പ്ലസ് വണ്ണിന് സീറ്റ് ഉറപ്പാക്കാനാകും. വിജയികളുടെ എണ്ണത്തേക്കാൾ നിലവിൽ 4711 സീറ്റുകൾ അധികമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് പാസായവർ കൂടി എത്തിയാലും സീറ്റ് ഉറപ്പിക്കാനാകും. കഴിഞ്ഞവർഷം ജില്ലയിൽ 3200 ലധികം മെറിറ്റ് സീറ്റുകളിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. കുട്ടികളുടെ കുറവു കാരണം പലയിടത്തും ബാച്ചുകൾ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇക്കാരണത്താൽ പരമാവധി കുട്ടികളെ തങ്ങളുടെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം അധ്യാപകരും നടത്തുന്നുണ്ട്. പ്ലസ് വൺ പ്രവേശനത്തിന് 25 വരെയാണ് അപേക്ഷിക്കാനാകുന്നത്.
7,350 സയൻസ് സീറ്റുകൾ
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ 147 ബാച്ചുകളിലായി സയൻസിന് ജില്ലയിൽ 7,350 സീറ്റുകളുണ്ട്. 32 സർക്കാർ സ്കൂളുകളിലായി 42 സയൻസ് ബാച്ചുകളുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 99, അൺഎയ്ഡഡ് സ്കൂളുകളിൽ ആറ് എന്നിങ്ങനെയാണ് സയൻസ് ബാച്ചുകൾ. സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ ബാച്ചാണ് കൂടുതലായുള്ളത്. ബയോളജി ഒഴിവാക്കി കമ്പ്യൂട്ടർ സയൻസ് കൂടി ചേർന്ന ബാച്ചുകളും ചില സ്കൂളുകളിലുണ്ട്. 2,100 സീറ്റുകളാണ് സയൻസ് ബാച്ചുകളിലുള്ളത്. 4,950 സീറ്റുകൾ എയ്ഡഡ് മേഖലയിലും 300 സീറ്റുകൾ അൺഎയ്ഡഡ് മേഖലയിലുമാണ്.
കോമേഴ്സിന് 3,550 സീറ്റുകൾ, ഹ്യുമാനിറ്റീസിന് 2,300
കൊമേഴ്സിന് 3,550 സീറ്റുകളാണുള്ളത്. 27 ബാച്ചുകളിലായി 1,350 സീറ്റുകൾ സർക്കാർ സ്കൂളുകളിലും 44 ബാച്ചുകളിലായി 2,200 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. കൊമേഴ്സ് ഗ്രൂപ്പിലും വ്യത്യസ്ത കോമ്പിനേഷനുകളാണ് നിലവിലുള്ളത്. ഹ്യുമാനിറ്റീസിന് 46 ബാച്ചുകളാണുള്ളത്. സർക്കാർ സ്കൂളുകളിൽ 14, എയ്ഡഡ് സ്കൂളുകളിൽ 32 ബാച്ചുകൾ ഹ്യുമാനിറ്റീസിനുണ്ട്. 2,300 സീറ്റുകൾ ആകെയുള്ളതിൽ 700 എണ്ണം സർക്കാർ മേഖലയിലും 1600 സീറ്റുകൾ എയ്ഡഡിലുമാണ്. ഹ്യുമാനിറ്റീസ് ബാച്ചുകളിലും വ്യത്യസ്ത കോമ്പിനേഷനാണ് സ്കൂളുകളിലുള്ളത്. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളാണ് കൂടുതലായുള്ളത്. ഗാന്ധിയൻ പഠനം ഉൾപ്പെടെ വിഷയങ്ങളായുള്ള സ്കൂളുകളും ജില്ലയിലുണ്ട്.
മാനേജ്മെന്റ് സീറ്റുകൾ
എയ്ഡഡ് സ്കൂളുകളിൽ 2165 മാനേജ്മെന്റ് സീറ്റുകളുണ്ട്. സയൻസിൽ 1225, ഹ്യൂമാനിറ്റീസിൽ 400, കൊമേഴ്സിൽ 540 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. 920 കമ്യൂണിറ്റി ക്വാട്ട സീറ്റുകളുമുണ്ട്. അൺഎയ്ഡഡ് മേഖലയിൽ 1881 സീറ്റുകളുണ്ട്. ഈ സീറ്റുകളിൽ സ്കൂളുകളിൽ നേരിട്ട് പ്രവേശനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.