15വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ ഒഴിവാക്കുന്നു
text_fieldsപത്തനംതിട്ട: 15വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിവാക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അന്തിമ നിർദേശം നൽകിയതോടെ സർക്കാർ സംവിധാനങ്ങൾ സ്തംഭിക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ വാഹനങ്ങൾ, നഗരസഭ, പഞ്ചായത്ത്, കെ.എസ്.ആർ.ടി.സി, ഓട്ടോണമസ് ബോഡി , പബ്ലിക് അണ്ടർടേക്കിങ് സ്ഥാപനങ്ങൾ, എന്നിവയുടെയെല്ലാം വാഹനങ്ങൾ ഇതിലുൾപ്പെടും.
ഇതുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് 2023 ജനുവരിയിലെ ഉത്തരവ് ഈ മാസം ഒന്നുമുതൽ നടപ്പിലായി. 2023 ഏപ്രിൽ ഒന്നിന് ശേഷം 15 വർഷം പിന്നിട്ട വാഹനങ്ങൾ റോഡിൽ ഇറക്കിയാൽ രജിസ്ട്രേഷൻ ഇല്ലാത്ത വാഹനങ്ങളായി കണക്കാക്കും. 15 വർഷം കഴിഞ്ഞ് വീണ്ടും അഞ്ചുവർഷത്തേക്ക് പുതുക്കിലഭിച്ച വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.
പ്രതിരോധ വകുപ്പിന്റെ കവചിത വാഹനങ്ങൾ, ക്രമസമാധാനത്തിന് ഉപയോഗിക്കുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയത്. 15വർഷം പിന്നിട്ട വാഹനങ്ങൾ മോട്ടോർവാഹന നിയമം അനുസരിച്ച് പൊളിക്കേണ്ടതാണെന്ന് പത്തനംതിട്ട ആർ.ടി.ഒ എ.കെ. ദിലു വാർത്തക്കുറിപ്പിൽ അറിയിച്ചു.
സർക്കാർ വാഹനങ്ങളിൽ ഏറെയും പഴക്കമുള്ളവയാണ്. നിയമം കർശനമാക്കിയാൽ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം താളംതെറ്റും. പൊലീസ്-അഗ്നിരക്ഷ സേന-ആരോഗ്യ- റവന്യൂ വകുപ്പുകളാണ് കൂടുതലും വാഹനങ്ങൾ ഉപയോഗിക്കുന്നത്. കാര്യക്ഷമത നശിച്ച ഇവയുടെ പ്രവർത്തനം പലതും ബന്ധപ്പെട്ടവർ കണ്ണടക്കുന്നതുമൂലമാണ് മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.