‘ഹൃദ്യം’പദ്ധതിയിൽ 175 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ
text_fieldsപത്തനംതിട്ട: ‘ഹൃദ്യം’ സര്‍ക്കാർ പദ്ധതിയിലൂടെ ജില്ലയില്‍ 175 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗികളായ 18 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും നല്കിവരുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. തിരുവല്ല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജില്ല പ്രാരംഭ ഇടപെടല്‍ കേന്ദ്രമാണ് (ഡി.ഇ.ഐ.സി) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജന്മനാഹൃദയവൈകല്യമുള്ള ഏത് കുഞ്ഞിനും വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സേവനങ്ങള്‍ക്കായി www.hridyam.kerala.gov.in ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കളുടെ ഫോണ്‍ നമ്പറിലേക്ക് കേസ് നമ്പര്‍ മെസേജ് ആയി ലഭിക്കും.
സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ
ശസ്ത്രക്രിയകള്‍ സൗജന്യമാണ്. സർക്കാർ തലത്തിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ശസ്ത്രക്രിയ നടത്തുന്നത്.
സ്വകാര്യ മേഖലയില്‍ തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി, എറണാകുളത്തെ അമൃത ആശുപത്രി, ലിസി ആശുപത്രി എന്നിവിടങ്ങളിലും ശസ്ത്രക്രിയ നടക്കുന്നു.
പദ്ധതി വഴി എക്കോ, സി.ടി, കാത്ത്ലാബ് പ്രൊസീജിയര്‍ എം.ആര്.ഐ തുടങ്ങിയ പരിശോധനകള്‍, സര്‍ജറികള്‍, ആവശ്യമായ ഇടപെടലുകള്‍ എന്നിവയും ആശുപത്രിയിൽ സൗജന്യമായി ലഭിക്കും.
അവശ്യഘട്ടങ്ങളില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലേക്ക് വെന്റിലേറ്റര്‍ സൗകര്യത്തിൽ ആംബുലന്‍സ് സേവനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.