220 കെ.വി ട്രാൻസ്ഫോർമർ എത്തി; പത്തനംതിട്ട ഇനി ഇരുട്ടിലാകില്ല
text_fieldsപത്തനംതിട്ട: ജില്ലക്ക് ഇനി മൂന്ന് മേഖലയിൽനിന്ന് വൈദ്യുതി എത്തുന്നതോടെ ഇരുട്ടിലാകില്ലെന്ന് ഉറപ്പിക്കാം. ഇടവിട്ട വൈദ്യുതി മുടങ്ങലിനും പരിഹാരമാകും. ഇതിന്റെ ഭാഗമായി കൂറ്റൻ ട്രെയിലറിൽ 220 കിലോ വോൾട്ടിന്റെ (100 എം.വി.എ) ട്രാൻസ്ഫോർമർ പത്തനംതിട്ടയിൽ എത്തിച്ചു. ഇത് സ്ഥാപിച്ച് പുതിയ സബ്സ്റ്റേഷൻ ഏപ്രിലിൽ കമീഷൻ ചെയ്യും. ട്രാൻസ്ഫോർമറിന്റെ പ്രവർത്തനം ഓട്ടോമാറ്റിക് സംവിധാനത്തിലാണ്.
കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് ശബരി പാക്കേജിൽ കിഫ്ബി സഹായത്തോടെ 240 കോടിയുടെ പദ്ധതി ഭാഗമായാണ് 220 കെ.വി ട്രാൻസ്ഫോർമർ എത്തിയത്. ഇതോടനുബന്ധിച്ച് സീതത്തോട്ടിൽനിന്ന് 57 കിലോമീറ്റർ 220 കെ.വി ലൈനും ജില്ല ആസ്ഥാനത്തേക്ക് എത്തും.
ആലപ്പുഴ ജില്ലയിലെ ഇടപ്പോണിൽനിന്ന് മാത്രമാണ് ജില്ലയിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്. ഇവിടെ നിന്നുള്ള വൈദ്യുതി നിലച്ചാൽ ജില്ല ഇരുട്ടിലാകുന്ന അവസ്ഥയിലായിരുന്നു. പുതിയ 220 കെ.വി ട്രാൻസ്ഫോർമർ പ്രവർത്തിച്ചു തുടങ്ങുന്നതോടെ കൂടങ്കുളം പദ്ധതിയുടെ പുനലൂർ ഇടമൺ കേന്ദ്രത്തിൽനിന്നും ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ മൂഴിയാർ ജലവൈദ്യുതി പദ്ധതിയിൽനിന്നും ജില്ല ആസ്ഥാനത്തേക്ക് വൈദ്യുതി എത്തിക്കാം. ഇതോടെ മൂന്ന് കേന്ദ്രത്തിൽനിന്ന് ജില്ലയിലേക്കുള്ള വൈദ്യുതി പ്രസരണം സാധ്യമാകും. പത്തനംതിട്ട, കൂടൽ, അടൂർ, കോഴഞ്ചേരി, റാന്നി, സീതത്തോട് സബ്സ്റ്റേഷനുകളിലേക്കും പുതിയ ട്രാൻസ്ഫോർമറിന്റെ സഹായത്തോടെ വൈദ്യുതി തടസ്സമില്ലാതെ എത്തിക്കാൻ കഴിയും.
യാത്രയിലുടനീളം ഗതാഗതക്കുരുക്ക്
ട്രാൻസ്ഫോർമറും വഹിച്ചുള്ള ട്രെയിലറിന്റെ യാത്രയിലുടനീളം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാണാൻ റോഡരുകിൽ ആളുകളും എത്തിയിരുന്നു. തിരക്കേറിയ സമയത്ത് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ പടുകൂറ്റന്‍ ട്രാന്‍സ്ഫോര്‍മറും വഹിച്ചുകൊണ്ടുള്ള ട്രെയിലര്‍ കടത്തിവിട്ടത് ഗതാഗതതടസ്സത്തിന് ഇടയാക്കി. രാത്രിയില്‍ വാഹന തിരക്ക് കുറഞ്ഞതിന് ശേഷമാണ് സാധാരണ ഇത്തരം വാഹനങ്ങള്‍ കടത്തിവിടാറുള്ളത്. എന്നാലിത് പട്ടാപ്പകല്‍ തിരക്കേറിയ സമയത്ത് കടത്തിവിട്ടതാണ് ഗതാഗതതടസ്സം ഉണ്ടാക്കിയത്. മണ്ണാറകുളഞ്ഞി-മൈലപ്ര-താഴെവെട്ടിപുറം വഴിയാണ് പത്തനംതിട്ട അഴൂരിലേക്ക് കൊണ്ടുപോയത്. വിവരമറിഞ്ഞ് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ട്രെയിലര്‍ തടയാന്‍ ചെന്നെങ്കിലും പകല്‍ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക അനുമതി വാങ്ങിയിരുന്നതിനാല്‍ യാത്ര തുടരുന്നതിന് അനുവദിച്ചു. രാത്രിയില്‍ വാഹനം കടത്തിവിട്ടാല്‍ വൈദ്യുതി ബന്ധം മണിക്കൂറുകളോളം വിച്ഛേദിക്കേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയും ട്രാഫിക് പൊലീസും പറയുന്നത്.
ഒച്ചിഴയും വേഗത്തിൽ കൂറ്റൻ ട്രെയിലർ
ട്രാൻസ്ഫോർമർ എത്തിച്ചത് 60 ടയറുകളുള്ള കൂറ്റൻ ട്രെയിലറിലാണ്. വെള്ളിയാഴ്ച വൈകീട്ടോടെ പത്തനംതിട്ട അഴൂർ റോഡിലെ സബസ്റ്റേഷനിൽ വാഹനം എത്തി. പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെൽക്കാണ് ട്രാൻസ്ഫോർമർ നിർമിച്ചത്. എറണാകുളം ആസ്ഥാനമായ ട്രാൻസ്പോർട്ടിങ് കമ്പനിയാണ് ട്രാൻസ്ഫോർമാർ എത്തിക്കുന്നതിന്റെ കരാർ ഏറ്റെടുത്തത്.
കളമശ്ശേരി മുതൽ പത്തനംതിട്ടവരെ കെ.എസ്.ഇ.ബി ജീവനക്കാരും പൊലീസും സഹായവുമായി ഒപ്പമുണ്ടായിരുന്നു. വാഹനം കടന്നുപോകാൻ മരച്ചില്ലകൾ വെട്ടിമാറ്റിയും പല സ്ഥലത്തും വൈദ്യുതി ലൈൻ ഓഫ് ചെയ്യേണ്ട സാഹചര്യമുണ്ടായി. ദിവസങ്ങൾക്ക് മുമ്പ് ഒച്ചിഴയും വേഗത്തിലാണ് ട്രെയിലർ യാത്ര തുടങ്ങിയത്.
അഞ്ച് മെഗാവാട്ട് പ്രസരണലാഭം
220 കെ.വി ട്രാൻസ്ഫോർമാർ എത്തിയതോടെ അഞ്ച് മെഗാവാട്ടിന്റെ പ്രസരണനഷ്ടം കുറക്കാൻ കഴിയും.
അഞ്ച് മെഗാവാട്ടിന്റെ പവർഹൗസ് പത്തനംതിട്ടയിൽ പണിയുന്നതിന് തുല്യമാണിതെന്ന്.
ഭാവിയിൽ പത്തനംതിട്ടയിൽ തന്നെ മറ്റൊരു 220 കെ.വി ട്രാൻസ്ഫോർമാർ കൂടി സ്ഥാപിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ടി. ജോയി,
അസി. എക്സിക്യൂട്ടിവ്
എൻജിനീയർ, കെ.എസ്.ഇ.ബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.