അമൃത് 2.0 കുടിവെള്ള പദ്ധതി പത്തനംതിട്ട നഗരത്തിന് 3.59 കോടി കൂടി
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്ത് നഗരസഭ നടപ്പാക്കുന്ന അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ആധുനിക ശുദ്ധീകരണ പ്ലാന്റിന് 3.59 കോടി രൂപക്ക് കൂടി ഭരണാനുമതിയായി. തിരുവനന്തപുരത്ത് ചേർന്ന ഉന്നതാധികാര സ്റ്റിയറിങ് കമ്മിറ്റിയാണ് നഗരസഭയുടെ അഭ്യർഥനയെ തുടർന്ന് കൂടുതൽ തുകക്ക് അനുമതി നൽകിയത്.
പ്രതിദിനം പത്ത് ദശലക്ഷം ലിറ്റർ വീതം വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന രണ്ട് പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന പത്ത് ദശലക്ഷം ലിറ്ററിന്റെ പ്ലാന്റിന് പത്തുകോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
എന്നാൽ, ഈ തുക പര്യാപ്തമല്ലെന്ന് നഗരസഭ അറിയിച്ചതിനെ തുടർന്നാണ് 3.59 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയത്. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭയുടെ തനത് വിഹിതം കൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 21 കോടിയാണ്.
ഒന്നാം ഘട്ടത്തിലെ ശുദ്ധീകരണ പ്ലാന്റിലേക്ക് ജലം സംഭരിക്കുന്ന കലക്ഷൻ ചേംബറിന്റെ നിർമാണവും കിണറിന്റെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള വിതരണ പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കും. ജലശുദ്ധീകരണശാലയുടെ നിർമാണത്തിനുള്ള സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് ഉടൻ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.