മീനച്ചിലാറ്റിൽ എണ്ണക്കറുപ്പനും ചേരാച്ചിറകനുമടക്കം 45 ഇനം തുമ്പികൾ
text_fieldsകോട്ടയം: തുലാത്തുമ്പിയെയും പീലിത്തുമ്പിയെയും മാത്രമല്ല, മീനച്ചിലാറ്റിൽ അധികം കാണാത്ത എണ്ണക്കറുപ്പൻ, ചേരാച്ചിറകൻ, കാട്ട് പുൽച്ചിന്നൻ എന്നീ തുമ്പികളെയും ഇത്തവണത്തെ സർവേയിൽ കണ്ടെത്തി.മീനച്ചിൽ നദീതടത്തിൽ തുമ്പികളുടെ വൈവിധ്യം മുൻ വർഷങ്ങളിലേതിനെക്കാൾ ഏറെ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോർട്ട്.
22 ഇനം സൂചിത്തുമ്പികളും 23 ഇനം കല്ലൻ തുമ്പികളും ഉൾപ്പെടെ 45 ഇനം തുമ്പികളെ മീനച്ചിലാറിന്റെ ഉദ്ഭവ പ്രദേശമായ മേലടുക്കം മുതൽ പതനസ്ഥാനമായ പഴുക്കാനിലക്കായൽ വരെ 16 ഇടങ്ങളിലായി നടന്ന സർവേയിലാണ് കണ്ടെത്തിയത്. കേരള വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും 2012 മുതൽ എല്ലാ വർഷവും നടത്തുന്ന സർവേയിൽ 2021ൽ 55 ഇനം തുമ്പികളെ കണ്ടെത്തിയിരുന്നു. ഇത്തവണ ഏറ്റവുമധികം കാണപ്പെട്ടത് തുലാത്തുമ്പി, തവളക്കണ്ണൻ തുമ്പി, ചങ്ങാതിത്തുമ്പി, നാട്ടുപൂത്താലി എന്നിവയാണ്.
ശുദ്ധജലത്തിന്റെ സൂചകമായി കരുതാവുന്ന പീലിത്തുമ്പി അടുക്കം മുതൽ കിടങ്ങൂർ പുന്നത്തുറവരെ കാണാനായി. മലിനജലത്തിന്റെ സൂചകമായ ചങ്ങാതിത്തുമ്പി തിരുവഞ്ചൂർ മുതൽ മലരിക്കൽ വരെയുള്ളയിടങ്ങളിൽ മാത്രമാണ് കണ്ടത്.എലിപ്പുലിക്കാട്ട് കടവിലും നാഗമ്പടത്തുമാണ് ഈ തുമ്പികളെ കൂട്ടത്തോടെ കണ്ടെത്തിയത്. മീനച്ചിലാറ്റിൽ അത്ര സാധാരണമല്ലാതിരുന്ന എണ്ണക്കറുപ്പൻ തുമ്പി, ചേരാച്ചിറകൻ തുമ്പി, കാട്ടു പുൽച്ചിന്നൻ എന്നിവയെ കാണാനായി.
കൊതുക് നിർമാർജനത്തിന് ഏറ്റവും ഉപകരിക്കുന്നവയും ജലപരിസ്ഥിതിയുടെ സൂചകങ്ങളുമായ തുമ്പികളെ പുതുതലമുറയെ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സർവേ കോഓഡിനേറ്റർ ഡോ. കെ. എബ്രഹാം സാമുവൽ പറഞ്ഞു.ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. നെൽസൺ പി. എബ്രഹാം, എം.എൻ. അജയകുമാർ, എൻ. ശരത് ബാബു, അനൂപ മാത്യൂസ്, സൗമ്യ, രഞ്ജിത് ജേക്കബ്, ടോണി ആന്‍റണി, ഷിബി മോസസ്, അമൃത വി. രഘു, എ. ശ്രീദേവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.