പത്തനംതിട്ട ജില്ലയിൽ ബാങ്കുകളിൽ നിക്ഷേപം 55,485 കോടി രൂപ
text_fieldsപത്തനംതിട്ട: ജില്ലയിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം അവസാനിക്കുമ്പോൾ വിവിധ ബാങ്കുകൾ 5942 കോടി രൂപ വായ്പ നൽകിയതായി ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 2677 കോടി രൂപ കാർഷിക മേഖലയിലും 965 കോടി രൂപ സൂക്ഷ്മ- ചെറുകിട വ്യവസായ മേഖലയിലും 196 കോടി രൂപ വിദ്യാഭ്യാസ, ഭവന വായ്പകൾ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലയിലും വിതരണം ചെയ്തു.
വ്യക്തിഗത വായ്പ, വാഹന വായ്പ മുതലായവ ഉൾപ്പെടുന്ന മുൻഗണന ഇതര വായ്പകളിൽ 2104 കോടി രൂപ നൽകിയിട്ടുണ്ട്. ആകെ വായ്പകൾ വാർഷിക ലക്ഷ്യത്തിന്റെ 74 ശതമാനം വിതരണ ലക്ഷ്യം കൈവരിച്ചു. ജില്ലയിലെ ആകെ വായ്പ നീക്കിയിരുപ്പ് 1046 കോടി രൂപ വർധനയോടെ 16332 കോടി രൂപയായും നിക്ഷേപങ്ങൾ 873 കോടി രൂപയുടെ വർധനയോടെ 55,485 കോടി രൂപയായും ഉയർന്നു.
പ്രളയം, കോവിഡ് സാഹചര്യങ്ങളിൽപെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവരോട് ബാങ്കുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന സമിതി യോഗത്തിൽ ആന്റോ ആന്റണി എം.പി പറഞ്ഞു. അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ.ബി.ഐ ലീഡ് ജില്ല ഓഫിസർ എ.കെ. കാർത്തിക്, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, എസ്.ബി.ഐ ചീഫ് മാനേജർ സാം ടി. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.