ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6000 കോടി ചെലവഴിച്ചു -മന്ത്രി ആര്. ബിന്ദു
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ഈ സര്‍ക്കാർ 6000 കോടി രൂപ ചെലവഴിച്ചെന്ന് മന്ത്രി ഡോ. ആര്. ബിന്ദു. റാന്നി വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളജിന്റെ പുതിയ കെട്ടിടങ്ങളും ഹോസ്റ്റല്‍ സമുച്ചയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏറ്റവും ഉയര്‍ന്ന പ്ലേസ്മെന്റ് സാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളിടെക്നിക് കോളജുകള്‍. പ്രവൃത്തികളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് അവയുടെ മുഖമുദ്ര. ആർട്സ് ആന്‍ഡ് സയന്‍സ് കോളജുകളെയും ഈ രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
നിര്‍മിതബുദ്ധി, റോബോട്ടിക്സ്, മെഷീന് ലേണിങ് തുടങ്ങിയവ വലിയരീതിയില്‍ വികസിക്കുന്നു. നവവൈജ്ഞാനിക സമൂഹത്തെ സൃഷ്ടിച്ച് പുതിയ സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കളാക്കാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം.വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളെ പ്രായോഗികതലത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി കോളജുകളില്‍ വിജയകരമായി തുടരുകയാണ്. വ്യാവസായിക-വിദ്യാഭ്യാസ മേഖലകളെ സംയോജിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍, 3.5 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വര്‍ക്ക്ഷോപ്, ഡ്രോയിങ് ഹാള്‍, ജിംനേഷ്യം, കാന്റീന്, ഗേറ്റ്, സെക്യൂരിറ്റി റൂം തുടങ്ങിയവയാണ് നാടിന് സമർപ്പിച്ചത്. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം ജെസി അലക്സ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്മാന് സതീഷ് പണിക്കര്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്പേഴ്സൻ എസ്. രമാദേവി, മുന്‍ എം.എല്‍.എ രാജു എബ്രഹാം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയന്റ് ഡയറക്ടര്‍ കെ.എന്‍. സീമ, പ്രിന്‍സിപ്പല്‍ ഡോ. എന്‍.ഡി. ആഷ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.