ആംബുലൻസിലെത്തി പരീക്ഷയെഴുതി പത്താംക്ലാസ് വിദ്യാർഥിനി
text_fieldsപത്തനംതിട്ട: ആശുപത്രിക്കിടക്കയിൽനിന്ന് ആംബുലൻസിലെത്തി പരീക്ഷയെഴുതി പത്താംക്ലാസ് വിദ്യാർഥിനി. മൈലപ്ര സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന പേഴുംപാറ സ്വദേശിനി അൻസു സാമുവലാണ് ചൊവ്വാഴ്ചത്തെ പത്താംക്ലാസ് കണക്ക് പരീക്ഷ ആംബുലൻസിലെത്തി എഴുതിയത്.
രക്തത്തിൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്ന അസുഖത്തെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ശനിയാഴ്ചയാണ് അൻസു അഡ്മിറ്റായത്. പരീക്ഷ എഴുതണമെന്ന് പറഞ്ഞപ്പോൾ ആശുപത്രി അധികൃതർ എല്ലാ സജ്ജീകരണങ്ങളുമായി ആംബുലൻസും ഒപ്പം ജീവനക്കാരെയും ചുമതലപ്പെടുത്തുകയായിരുന്നു.
ഒപ്പം മാതാവ് സുജയും എത്തിയിരുന്നു. സ്കൂളിൽ പരീക്ഷ എഴുതാൻ അധ്യാപകർ പ്രത്യേക മുറിയും സജ്ജീകരിച്ചിരുന്നു. പരീക്ഷ എഴുതിക്കഴിഞ്ഞ് ആംബുലൻസിൽ തന്നെ ആശുപത്രി വാർഡിലേക്കുപോയി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ആംബുലൻസിൽ എത്തി പരീക്ഷ എഴുതിയത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന പരീക്ഷയും ആംബുലൻസിൽ എത്തി എഴുതുമെന്ന് മാതാവ് പറഞ്ഞു. തിരുവനന്തപുരം ആർ.സി.സിയിൽ കീമോ ചികിത്സയിൽ കഴിയുന്ന റിനു ഷൈൻ തോമസെന്ന കുട്ടിയും ദിവസവും കാറിലെത്തി ഇവിടെ പരീക്ഷ എഴുതുന്നുണ്ട്.
ചെറുകോൽ കാട്ടൂർ സ്വദേശി റിനു ഷൈൻ തോമസ് ഒരു വർഷമായി അസുഖത്തെ തുടർന്ന് ക്ലാസിൽ എത്തിയിരുന്നില്ല. പരീക്ഷ എഴുതണമെന്ന ആഗ്രഹത്തെ തുടർന്ന് സ്കൂൾ അധികൃതർ എല്ലാ സൗകര്യങ്ങളും റിനുവിനും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.