ഇന്ദിര ഗാന്ധി സ്മാരകമായി ഡി.സി.സി ഓഫിസിൽ ലൈബ്രറി ഒരുക്കുന്നു
text_fieldsപത്തനംതിട്ട: ഡി.സി.സി ഓഫിസില്‍ ലൈബ്രറി ആരംഭിക്കുന്നു. ഇന്ദിര ഗാന്ധിയുടെ പേരില്‍ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ജനങ്ങളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പുസ്തകങ്ങള്‍ കണ്ടെത്തുന്നത്. 1500 പുസ്തകം 31ന് മുമ്പ് ശേഖരിക്കാനാണ് ഡി.സി.സി നിശ്ചയിച്ചിട്ടുള്ളതെന്നും ആഗസ്റ്റ് 20ന് ലൈബ്രറി തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നല്‍കുന്ന രാഷ്ട്രീയ ഗ്രന്ഥങ്ങള്‍, ആത്മകഥകള്‍, കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മീയ പുസ്തകങ്ങള്‍ തുടങ്ങി എന്തും ഇവിടെ സ്വീകരിക്കും. ലൈബ്രറിക്കായി ഡി.സി.സി ഓഫിസിന് മുകളിലെ ഹാള്‍ തയാറാക്കും. ജില്ലയിലെ സാഹിത്യകാരന്മാരും കലാകാരന്മാരും പൂര്‍ണമായും ഇക്കാര്യത്തില്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡി.സി.സി വൈസ് പ്രസിഡന്‍റും മുന്‍ നഗരസഭ ചെയര്‍മാനുമായ അഡ്വ. എ. സുരേഷ് കുമാറിനാണ് ലൈബ്രറി രൂപവത്കരണ ചുമതല. നേതാക്കള്‍, പോഷക സംഘടനകള്‍ തുടങ്ങി എല്ലാവര്‍ക്കും പുസ്തകം നല്‍കാൻ കൃത്യമായ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ 20 പുസ്തകം നല്‍കണം. ഡി.സി.സി ഭാരവാഹികള്‍ 15ഉം, ബ്ലോക്ക് പ്രസിഡന്‍റുമാര്‍ 10ഉം പുസ്തകമാണ് നല്‍കേണ്ടത്.
ജില്ലയിലെ 79 മണ്ഡലം കമ്മിറ്റികളും 50 പുസ്തകം വീതം ശേഖരിച്ചു നല്‍കണം. യൂത്ത് കോണ്‍ഗ്രസ് 250, കെ.എസ്.യു 100, ബി.ഡി.സി 50, സംസ്കാര സാഹിതി 20, കര്‍ഷക കോണ്‍ഗ്രസ് 50, പോഷക സംഘടനകള്‍ 25 വീതം എന്നിങ്ങനെയാണ് പുസ്തകങ്ങള്‍ നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ സാംസ്കാരിക പ്രവര്‍ത്തകര്‍ പുസ്തകം നല്‍കിത്തുടങ്ങിയതായും വിവിധ പുസ്തക ശാലകളുടെയും വ്യക്തികളുടെയും സഹകരണം ഇക്കാര്യത്തില്‍ തേടാൻ തീരുമാനിച്ചതായും ഡി.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.