മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി മാതാവ്
text_fieldsപത്തനംതിട്ട: മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി മാതാവ്. മുണ്ടുകോട്ടക്കൽ പുത്തൻവീട്ടിൽ നിലോഫർ റഷീദിന്റെ മൂത്ത മകനെയാണ് പൊലീസ് കള്ളക്കേസിൽ കുടുക്കിയതായി പരാതി ഉയർന്നത്.
പത്തനംതിട്ട സി.ഐയാണ് ഇതിനെല്ലാം നേതൃത്വംകൊടുത്തതെന്ന് മാതാവ് നിലോഫർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പത്തനംതിട്ടയിലെ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇളയമകനും പത്തിൽ പഠിക്കുന്ന മറ്റൊരു കുട്ടിയും തമ്മിൽ വാക്കുതർക്കവും പിടിവലിയും നടന്നു.
തുടർന്ന് കൂട്ടുകാരനായ പയ്യൻ മറിഞ്ഞുവീണ് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ ചികിത്സ ചെലവുകൾ മുഴുവൻ തങ്ങളാണ് നൽകിയത്. ഇതിന്ശേഷം സ്കൂൾ അധികൃതർ ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ, പിന്നീട് ചില സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കൾ ഇടപെട്ട് പൊലീസിനെ സ്വാധീനിച്ച് കേസ് ചാർജ് ചെയ്യിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ നിസ്കരിക്കാൻപോയ മകനെ പൊലീസുകാർ പിടികൂടി വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപായി. വിവരം അറിഞ്ഞ് സ്റ്റേഷനിൽ എത്തിയ പ്രായമായ മുത്തച്ഛനെ സി.ഐ ചീത്തവിളിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തു. മാതാപിതാക്കളെ പോലും അറിയിക്കാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയും കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യത്തിൽവിടുകയായിരുന്നു.
ഇപ്പോൾ സംഭവുമായി ഒരുബന്ധവുമില്ലാത്ത മൂത്ത മകനെ അന്വേഷിച്ച് പൊലീസ് നിരന്തരം വീട്ടിലും ബന്ധുവീടുകളിലും കയറിയിറങ്ങുകയാണ്. 13 വർഷമായി പത്തനംതിട്ട ജോസ്കോ ജങ്ഷന് സമീപം വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽനിന്ന് ഇറക്കിവിടാൻ ശ്രമങ്ങൾ നടക്കുന്നതായും നിലോഫർ റഷീദ് പറഞ്ഞു. കെട്ടിടം സംബന്ധിച്ച് കോടതിയിൽ ചില കേസുകളുണ്ട്. ഈ കെട്ടിടത്തിൽ അടുത്തിടെ സി.പി.എമ്മിന്റെ ഓഫിസും പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്.
സി.ഐയുടെ സഹായത്തോടെ സി.പി.എം പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്നാണ് കുടുംബത്തെ ഇറക്കിവിടാൻ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. സത്യസന്ധമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.