കിൻഫ്ര പാർക്കിൽ പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറി ഒരുങ്ങി
text_fieldsപത്തനംതിട്ട: ജില്ല പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും ചേർന്ന് എട്ടുകോടി രൂപ ചെലവിൽ കുന്നന്താനം കിൻഫ്ര പാർക്കിൽ നിർമിച്ച പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറിയുടെ ഉദ്ഘാടനം 10ന് നടക്കും.
വൈകീട്ട് 4.30ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നിർമിച്ച കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറിയാണിത്. സംസ്ഥാന സർക്കാറിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി അനുവദിച്ച ഫണ്ടും ജില്ല പഞ്ചായത്തിന്റെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭയുടെയും ഫണ്ടും ഇതിനായി ചെലവഴിച്ചിട്ടുണ്ട്.ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ തരംതിരിച്ച ശേഷം ഇവിടെ എത്തിച്ച് സംസ്കരിക്കുകയും ഗ്രാന്യൂൾസ് ഉൽപാപാദിപ്പിക്കുകയും ചെയ്യും. ഇത് ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഉപകരണങ്ങൾ നിർമിക്കുന്നത്. ദിവസം രണ്ട് ടൺ പ്ലാസ്റ്റിക് വസ്തുക്കൾ ആദ്യഘട്ടത്തിൽ സംസ്കരിക്കും.
പിന്നീട് അഞ്ച് ടൺ സംസ്കരിക്കാൻ കഴിയുന്ന വിധത്തിൽ വിപുലീകരിക്കും. ഫാക്ടറിയുടെ പ്രവർത്തനംമൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാവാത്ത നിലയിലുള്ള ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 10,000 സ്ക്വയർ ഫീറ്റുള്ള കെട്ടിടം, ബെയിലിങ്ങിനും വാഷിങ്ങിനുമുള്ള യന്ത്രങ്ങൾ, സോളാർ പവർ പ്ലാന്റ്, മഴ വെള്ള സംഭരണി തുടങ്ങിയ അനുബന്ധ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനിയുടെ ചുമതലയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്ന രീതിയാണ് ഇപ്പോൾ നടന്നുവരുന്നത്.
കുന്നന്താനത്ത് പുതിയ ഫാക്ടറി പ്രവർത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ ശുചീകരണ പ്രവർത്തനം ഫലപ്രദമായി നടത്താൻ കഴിയും. ചടങ്ങിൽ മികച്ച പ്രവർത്തനം നടത്തുന്ന ഹരിതകർമ സേനയെ മന്ത്രി വീണ ജോർജ് ആദരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി തുടങ്ങിയവർ പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ അധ്യക്ഷത വഹിക്കും.
വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, സംഘാടകസമിതി ജനറൽ കൺവീനർ അഡ്വ. ഓമല്ലൂർ ശങ്കരൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ. അജയകുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജിജി മാത്യു, ക്ലീൻ കേരള കമ്പനി ജില്ല മാനേജർ എം.ബി. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.