ഒന്നര വർഷമെന്ന് വാഗ്ദാനം; എങ്ങുമെത്താതെ അബാൻ മേൽപാലം
text_fieldsപത്തനംതിട്ട: ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് അധികൃതർ അവകാശപ്പെട്ട പത്തനംതിട്ട നഗരത്തിലെ അബാൻ മേൽപാലത്തിന്റെ നിർമാണം ഇഴയുന്നു. നിർമാണം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷമാകുകയാണ്. ഇങ്ങനെ പോയാൽ പാലം യാഥാർഥ്യമാകാൻ വർഷങ്ങൾ വേണ്ടിവരും. 46.50 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. കഴിഞ്ഞ മാർച്ചിലാണ് പണി തുടങ്ങിയത്. പുതിയ സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപത്ത് മേൽപാലത്തിന്റെ തൂണിന്റെ മുകളിൽ ആദ്യസ്ലാബിന്റെ നിർമാണം തുടങ്ങി.
സ്ലാബ് കോൺക്രീറ്റിങ്ങിന് മുന്നോടിയായ കമ്പികെട്ടുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. 30 മീറ്റർ നീളമുള്ള സ്ലാബാണിത്. കോൺക്രീറ്റിങ്ങിന് ഇനിയും സമയമെടുക്കും. മേൽപാലത്തിന്റെ ഇരുവശത്തും റോഡിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടിയും പൂർത്തിയായി വരുകയാണ്.
ഏറ്റെടുത്ത സ്ഥലങ്ങളിൽ കല്ലിട്ട് തിരിച്ചിട്ടുണ്ട്. മുത്തൂറ്റ് ആശുപത്രിക്ക് മുന്നിൽ തുടങ്ങി സ്വകാര്യ ബസ്സ്റ്റാൻഡിന് വടക്ക് വശത്ത് അവസാനിക്കുന്ന തരത്തിലാണ് മേൽപാലം. മൊത്തം 92 തൂണുകളാണുള്ളത്. ഇതിൽ 84 എണ്ണം തീർന്നു. ഇനിയും മൂത്തൂറ്റ് ആശുപത്രിക്ക് മുന്നിലാണ് പൈലിങ് നടക്കാനുള്ളത്. 21 തൂണുകളിൽ 19 എണ്ണത്തിന്റെ പണി പൂർത്തിയായി. 611 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തുമായി 5.5 മീറ്റർ വീതിയിൽ സർവിസ് റോഡുണ്ടാകും. 23 സ്പാനുകളിലാണ് പാലം ഉയരുന്നത്.
കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. പാലം പൂർത്തിയാകാൻ വർഷങ്ങൾ എടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ദിവസം രണ്ടും മൂന്നും ജോലിക്കാർ മാത്രമാണ് പണിക്കുള്ളത്. മഴക്കാലമായാൽ പിന്നെ പണി മുടങ്ങുന്നതിനും സാധ്യതയുണ്ട്. പണി ഇഴയുന്നത് ബസ്സ്റ്റാൻഡിലെ വ്യാപാരികളെയാണ് കൂടുതൽ ബാധിച്ചിട്ടുള്ളത്. മിക്ക വ്യാപാരികളും വൻതുക വാടകയും സെക്യൂരിറ്റിയും കൊടുത്താണ് കടമുറി വാടകക്ക് എടുത്തിട്ടുള്ളത്.
അവർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. മേൽപാലം പണി തുടങ്ങിയതോടെ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതായെന്ന് വ്യാപാരികൾ പറയുന്നു. ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങൾക്ക് ഇവിടേക്ക് വരാനും കഴിയില്ല. പണി ഇഴയുന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.