അബാൻ മേൽപാലം: പണി നിലച്ചിട്ട് ആഴ്ചകൾ
text_fieldsപത്തനംതിട്ട: നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന അവകാശവാദങ്ങളോടെ തുടക്കമിട്ട അബാൻ മേൽപാലത്തിന്റെ പണി നിലച്ചിട്ട് ആഴ്ചകളാകുന്നു. മേൽപാലത്തിന്റെ സ്ലാബിന്റെ കമ്പികൾ തുരുമ്പിച്ചു തുടങ്ങി. മുൻപരിചയം ഇല്ലാത്തവർ കരാർ എടുത്തതായാണ് പ്രധാന ആക്ഷേപം. കുടിശ്ശിക വന്നതോടെ ഉപകരാറുകാർ പണി ഉപേക്ഷിച്ചതായും പറയുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് മേൽപാലം പണി തുടങ്ങിയത്. 18 മാസമാണ് നിർമാണ കാലാവധി. ജൂണിൽ പണികൾ അവസാനിക്കേണ്ടതാണ്. എന്നാൽ, അടുത്തകാലത്തൊന്നും പണി തീരില്ലെന്ന് ഉറപ്പായി. തൊഴിലാളികളുടെ കുറവാണ് കാരണമായി ഇപ്പോൾ പറയുന്നത്. പ്രധാന കരാറുകാരൻ വിവിധ പണികൾക്ക് പുറംകരാർ നൽകിയാണ് തൊഴിലാളികളെ എത്തിച്ചിരുന്നത്.
ഇവരുടെ തൊഴിലാളികൾ നാട്ടിലേക്ക് പോയതായി പറയുന്നു. എന്നാൽ, ഉപകരാറുകാർക്ക് കുടിശ്ശികയായി വൻ തുക നൽകാനുണ്ട്. ഇവർ ദിവസവും പണം ആവശ്യപ്പെട്ട് പണിസ്ഥലത്ത് എത്തുന്നതായി പറയുന്നു. ഇനിയും പുതിയ ഉപകരാറുകാരെ കണ്ടെത്താനാണ് നീക്കം. ഒപ്പം വിദഗ്ധരായ തൊഴിലാളികളും വേണം. പണികളെപ്പറ്റി അഴിമതി ആരോപണങ്ങളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. നടന്ന പണിയിൽ നിരവധി ക്രമക്കേടുകളാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
92 സ്ഥലത്താണ് പൈലിങ് നടത്തുന്നത്. ഇതിൽ 84 എണ്ണമാണ് പൂർത്തിയായത്. 21 തൂണുകളിൽ 14 എണ്ണത്തിന്റെ കോൺക്രീറ്റിങ്ങും ഭാഗികമായി നടന്നിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബിന്റെ കമ്പികെട്ടുന്ന പണികളും മുടങ്ങി. സ്ലാബിന്റെ കമ്പികൾ മഴയത്ത് തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇരുവശത്തെയും സർവിസ് റോഡ് നിർമാണവും ഒന്നുമായില്ല. സംരക്ഷണഭിത്തി കെട്ടുന്ന ജോലികൾ മുത്തൂറ്റ് ആശുപത്രിക്ക് സമീപം ഉടൻ തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.
മേൽപാലത്തിന്റെ ആകെ നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. അപ്രോച്ച് റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ടാകും. പാലം പണിമൂലം നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പ്രവൃത്തി ദിവസങ്ങളിലും മാർക്കറ്റ് ദിവസവും നഗരത്തിൽ വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്.
പണി തുടങ്ങിയതോടെ നഗരസഭ പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തെ വ്യാപാരികളാണ് ദുരിതത്തിലായത്. മാസങ്ങളായി കച്ചവടം നടക്കുന്നില്ല. സാധനങ്ങൾ വാങ്ങാൻ ആരും ഈ ഭാഗത്തേക്ക് എത്തുന്നില്ലെന്നാണ് അവർ പറയുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. വൻ തുകക്ക് കടമുറികൾ ലേലത്തിൽപിടിച്ച ഇവരെല്ലാം ഇപ്പോൾ വലിയ സാമ്പത്തിക പ്രയാസത്തിലാണ്. പണികൾ നീണ്ടുപോയാൽ അത് വലിയ ദുരിതത്തിന് ഇടയാക്കും.
ഇത് എത്ര നാൾകൊണ്ട് പൂർത്തിയാക്കും?
കോവിഡ് സമയത്തുപോലും വ്യാപാരികൾ ഇത്രയും വിഷമിച്ചിട്ടില്ല. എന്നാൽ, അബാൻ മേൽപാലം പണിയോടെ എല്ലാം തകിടംമറിഞ്ഞു. ബസ്സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളിൽ ഒരു കച്ചവടവും നടക്കുന്നില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരു നിർവാഹവുമില്ല. ദിവസവും പൊടിശല്യത്താൽ വ്യാപാരികൾ നരകിക്കുകയാണ്. വൈകീട്ടായാൽ പിന്നെ റോഡ് വിജനമാണ്. ഒരു പരിചയവുമില്ലാത്തവർക്കാണ് കരാർ നൽകിയത്. ആവശ്യത്തിന് ഉപകരണങ്ങളോ ജോലിക്കാരോ അവർക്ക് ഇല്ല. ഇത് എത്ര നാൾകൊണ്ട് പൂർത്തിയാകുമെന്ന് ആർക്കും പറയാനാകുന്നില്ല.
-സഫറുള്ളഖാൻ, വ്യാപാരി, പത്തനംതിട്ട പുതിയ ബസ്സ്റ്റാൻഡ്
ഇപ്പോൾ ഇതിന്റെ ആവശ്യം ഇല്ലായിരുന്നു
ജില്ലയുടെ ശിൽപി കെ.കെ. നായരുടെ ഭാവനയിൽ രൂപംകൊണ്ട റിങ് റോഡ് നശിപ്പിച്ചാണ് മേൽപാലം നിർമിക്കുന്നത്. നഗരത്തിൽ ഇപ്പോൾ ഇതിന്റെ ആവശ്യം ഇല്ലായിരുന്നു. ബസ്സ്റ്റാൻഡ് ശോച്യാവസ്ഥയാണ് ആദ്യം പരിഹരിക്കേണ്ടത്. മേൽപാലം പണിയെ തുടർന്ന് ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള മുഴുവൻ വ്യാപാരികളും ദുരിതത്തിലാണ്. പണി നിലച്ചമട്ടാണിപ്പോൾ. സ്കൂൾ തുറക്കുന്നത് അടുത്തതിനാൽ കച്ചവടം നല്ലരീതിയിൽ നടക്കേണ്ട സമയമാണിത്. എന്നാൽ, ആരും ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. . മേൽപാലം പണിയെ തുടർന്ന് വ്യാപാരികളാണ് കൂടുതൽ വലഞ്ഞത്.
-ഷാജി സുറൂർ, വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.