ടി.കെ റോഡിൽ അപകടമരണങ്ങൾ പെരുകുന്നു
text_fieldsഇരവിപേരൂർ: തിരുവല്ല-കുമ്പഴ (ടി.കെ) റോഡിൽ അപകടങ്ങൾ പെരുകുന്നു. റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തെങ്കിലും അപകടങ്ങൾ ഒഴിവാക്കാനോ വേഗനിയന്ത്രണത്തിനോ സംവിധാനങ്ങളില്ല. ടി.കെ റോഡും റാന്നി-തിരുവല്ല റോഡും സന്ധിക്കുന്ന ഇരവിപേരൂർ ജങ്ഷനിൽ അപകടങ്ങൾ പതിവാണ്. അഞ്ച് സ്കൂളുകളടക്കം സ്ഥിതിചെയ്യുന്ന ഇവിടെ രാവിലെയും വൈകുന്നേരങ്ങളിലും വൻ തിരക്കാണ്. ടിപ്പർ ലോറികളുടെ പാച്ചിലാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. വെള്ളിയാഴ്ച ഇരവിപേരൂർ ജങ്ഷനിൽ അമിതവേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. ശനിയാഴ്ച രാവിലെ മുട്ടുമണ്ണിനും പുല്ലാടിനും മധ്യേ ഉണ്ടായ അപകടത്തിൽ പൊതുപ്രവർത്തകനായ രാജു പുളിമൂട്ടിൽ മരിച്ചു. കഴിഞ്ഞമാസം 31ന് തോട്ടഭാഗം കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കോഴഞ്ചേരി സ്വദേശി യുവാവ് മരിച്ചിരുന്നു. ടി.കെ റോഡിലെ പ്രധാന ജങ്ഷനുകളായ ഇരവിപേരൂർ, കുമ്പനാട്, പുല്ലാട് ഭാഗങ്ങളിൽ തുടർച്ചയായ അപകടങ്ങളാണ് ഉണ്ടാകുന്നത്. അമിതവേഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
ജങ്ഷനുകളിൽപോലും വേഗ നിയന്ത്രണത്തിനു സംവിധാനങ്ങളില്ല. സ്കൂൾ സമയക്രമീകരണമനുസരിച്ച് രാവിലെ 8.30 മുതൽ പത്തുവരെ ടിപ്പർ ലോറികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെയാണ് തലങ്ങും വിലങ്ങും ചീറിപ്പായുന്നത്.
സ്കൂൾ തുറന്ന ദിനങ്ങളിൽ പേരിനുമാത്രമെത്തിയ ട്രാഫിക് പൊലീസിെൻറ സേവനം പിന്നീടുള്ള ദിവസങ്ങളിലുണ്ടായില്ല. ഇരവിപേരൂർ കവലയിൽ അനധികൃത വാഹന പാർക്കിങ്ങുമുണ്ട്. പെട്രോൾ പമ്പുമുതൽ പി.ആർ.ഡി.എസ് പ്രവേശനകാവടംവരെ അനധികൃത പാർക്കിങ് വഴിയാത്രക്കാർക്കും വാഹന യാത്രികർക്കും തടസ്സമാകുന്നു.
ടി.കെ റോഡിലെ തോട്ടഭാഗത്താണ് ചങ്ങനാശ്ശേരിയിൽനിന്നുവരുന്ന പാത സന്ധിക്കുന്നത്. കോഴഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കവിയൂർ വഴിവേണം ചങ്ങനാശ്ശേരിക്ക് പോകാൻ. ഇതിന് തോട്ടഭാഗത്തുനിന്നാണ് തിരിയേണ്ടത്. തിരുവല്ലയിൽനിന്ന് മല്ലപ്പള്ളിയിലേക്ക് പോകാൻ വരുന്നവയും ഇവിടെനിന്നുവേണം തിരിയാൻ. ചങ്ങനാശ്ശേരിയിൽനിന്നെത്തുന്ന വണ്ടികൾ ടി.കെ റോഡിൽ പ്രവേശിക്കുന്നതും സമാനരീതിയിലാണ്. പത്തംതിട്ട, തിരുവല്ല ഭാഗത്തേക്ക് ഇടതടവില്ലാതെ വണ്ടികൾ പോകുന്നതിന് ഇടയിൽ വേണം ഇത്തരത്തിൽ തിരിയാൻ. ഇവിടങ്ങളിൽ അപകടക്കെണി ഒഴിവാക്കാൻ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ദീർഘകാലമായി ആവശ്യം ഉയരുന്നുണ്ട്. കറ്റോട്, മനയ്ക്കച്ചിറ, മഞ്ഞാടി, നെല്ലാട്, പൊയ്കപ്പടി ഭാഗങ്ങളും അപകടമേഖലയാണ്. രാവിലെയും വൈകീട്ടും സ്കൂൾ സമയങ്ങളിൽ ട്രാഫിക് പൊലീസിെൻറ മുഴുവൻ സമയ സേവനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.