അപകട വളവുകൾ; പായരുത്പുനലൂർ-മൂവാറ്റുപുഴ റോഡിൽ
text_fieldsപത്തനംതിട്ട: പുനലൂർ-മൂവാറ്റുപുഴ (പി.എം) പാതയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അപകട വളവുകളും കൊക്കകളും നിറഞ്ഞ പുനലൂർ-പൊൻകുന്നം റോഡ് നിവർന്നില്ല. അപകടവളവുകളിൽ മുന്നറിയിപ്പ് സംവിധാനം പോലുമില്ല. ശബരിമല തീർഥാടനകാലം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കേ പാതയിലെ പ്രധാന റോഡിൽ മൈലപ്ര മുതൽ മണ്ണാരക്കുളഞ്ഞിവരെ ഭാഗം ഏറെ അപകടസാധ്യതയുള്ള ഭാഗമായി മാറി.
റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ പ്രശ്നംപോലും പരിഹരിക്കാത്ത വില്ലേജാണ് മൈലപ്ര. തർക്കവും പ്രശ്നങ്ങളും നിയമനടപടിയും നീളുമ്പോൾ പി.എം റോഡിൽ ഏറ്റവും അധികം അപകടം പതിയിരിക്കുന്ന പ്രധാന വളവുകൾ ഈഭാഗത്തുമാണ്. കരാറുകാരുടെയും കെ.എസ്.ടി.പിയുടെയും കണക്കിൽ വളരെക്കുറച്ചു ഭാഗത്തെ പണി മാത്രമാണ് പൂർത്തിയാക്കാനുള്ളത്. എന്നാൽ, സംസ്ഥാനപാതയിലെ സഞ്ചാരികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലയായി ഇത് മാറിയിരിക്കുകയാണ്.
മൈലപ്രക്കും മണ്ണാരക്കുളഞ്ഞിക്കും മധ്യേ മൂന്ന് പ്രധാന വളവുണ്ട്. ഇവ നിവർത്തി റോഡ് നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് രണ്ട് വളവുകൾക്ക് പാലം വേണ്ടിവരുമായിരുന്നു. എന്നാൽ, എസ്റ്റിമേറ്റ് തുക കൂടുതലാണെന്ന പേരിൽ പിന്നീട് പാലം ഉപേക്ഷിച്ചു. ഇതോടെ വളവുകൾ പൂർണമായി നിവർന്നില്ല. കയറ്റവും വളവുമാണ് പ്രധാന പ്രശ്നം. സംരക്ഷണ ബാരിക്കേഡുകൾ എല്ലായിടത്തുമില്ല.
പാത മുൻപരിചയമില്ലാത്തവർ കുഴയും
ശബരിമല തീർഥാടനകാലത്ത് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത് പി.എം റോഡുവഴിയാണ്. തമിഴ്നാട്ടിൽനിന്നുള്ള വാഹനങ്ങളിൽ നല്ലൊരു പങ്കും തെക്കൻ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള തീർഥാടകരും പത്തനംതിട്ട, മൈലപ്ര-മണ്ണാരക്കുളഞ്ഞി പാതയെയാണ് ആശ്രയിക്കുന്നത്.
റോഡ് മുൻ പരിചയമില്ലാത്ത ഡ്രൈവർമാരാകും ഇതുവഴി എത്തുന്നതിൽ നല്ലൊരു പങ്കും. മെച്ചപ്പെട്ട നിലയിൽ കിടക്കുന്ന സംസ്ഥാന പാതയിലൂടെ എത്തുന്ന വാഹനങ്ങൾ മൈലപ്ര ഭാഗത്തെത്തുമ്പോൾ റോഡിന്റെ പ്രശ്നങ്ങൾ മുൻകൂട്ടി അറിഞ്ഞവരായിരിക്കില്ല. പണി തടസ്സപ്പെട്ടതിന്റെ പേരിൽ കെ.എസ്.ടി.പിവക കോണുകൾ റോഡിൽ നിരത്തി ചരടുകെട്ടിയിട്ടുണ്ട്. പലപ്പോഴും ഇതു ശ്രദ്ധയിൽപെടാറില്ല. സുരക്ഷാ വേലികൾ ഈ ഭാഗത്തു സ്ഥാപിച്ചിട്ടില്ല.
കലുങ്ക് വേണോ, വേണ്ടയോ എന്ന തർക്കത്തിൽ കുടുങ്ങിയ കുഴി മൈലപ്ര ജങ്ഷൻ ഭാഗത്തുണ്ട്. ഇതിനകം നിരവധി അപകടങ്ങൾ ഈ ഭാഗത്തുണ്ടായി. കുഴിയിൽ വീണ് ഒരു വൈദികൻ കഴിഞ്ഞവർഷം മരിച്ചു. അതിവേഗവും മത്സര ഓട്ടവുമൊക്കെയാണ് അപകടങ്ങൾ വരുത്തിവെക്കുന്നത്. തീർഥാടനകാലത്ത് എത്തുന്ന വാഹനങ്ങൾക്ക് അപ്പോഴും ആവശ്യമായ മുൻകരുതൽ വേണമെന്നാവശ്യം നിലനിൽക്കുന്നു.
അപകട കേന്ദ്രമായി മണ്ണാരക്കുളഞ്ഞി ജങ്ഷൻ
ശബരിമല തീർഥാടകർ പമ്പയിലേക്കു തിരിയുന്ന ഭാഗമാണ് മണ്ണാരക്കുളഞ്ഞി ജങ്ഷൻ. പി.എം റോഡിലെ പ്രധാന ജങ്ഷനാണെങ്കിലും ഒരു മുന്നറിയിപ്പ് ബോർഡുകളോ ട്രാഫിക് സിഗ്നലുകളോ ഇല്ല. കെ.എസ്.ടി.പിയുടെ റോഡ് വികസന പദ്ധതിയിൽ മുൻഗണന ക്രമത്തിലുണ്ടായിരുന്ന ജങ്ഷനാണ് മൈലപ്ര. പി.എം റോഡിലേക്ക് ചാലക്കയം റോഡ് വന്നുചേരുന്ന ഭാഗമാണിത്. പമ്പയിലേക്ക് തിരിയാനുള്ള ഭാഗമാണെങ്കിലും ഇക്കാര്യം സൂചിപ്പിച്ച് വ്യക്തമായ ബോർഡുകൾ ജങ്ഷനിൽ ഇല്ല.
പമ്പയിലേക്കും എരുമേലിയിലേക്കും പോകേണ്ട അയ്യപ്പഭക്തർ മിക്കപ്പോഴും പാത നിശ്ചയമില്ലാതെ പ്രതിസന്ധിയിലാകാറുണ്ട്. വാഹനത്തിരക്കേറിയ ജങ്ഷനിൽ വഴിയറിയാതെ കുഴങ്ങുന്നവർ പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നു. രാത്രിയിലാണ് പ്രശ്നം ഏറെയും. വെളിച്ചക്കുറവും ജങ്ഷനിലുണ്ട്. തീർഥാടനകാലത്തുപോലും പൊലീസ് സഹായം ഉണ്ടാകാറില്ല. ജങ്ഷനിലെ ബസ്സ്റ്റോപ്പിന്റെ പുനഃക്രമീകരണവും ശാസ്ത്രീയമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.