വിസ തട്ടിപ്പ് കേസിലെ പ്രതി 21 വർഷത്തിനുശേഷം പിടിയിൽ
text_fieldsപത്തനംതിട്ട: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിക്കുകയും, അറസ്റ്റിലായപ്പോള്‍ ജാമ്യമെടുത്ത് മുങ്ങുകയും ചെയ്ത പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയിൽ.
മേലേവെട്ടിപ്രം മഞ്ജു ഭവനം (പിച്ചയ്യത്ത് വീട്) ഫസലുദ്ദീനെ(74)യാണ് മലപ്പുറത്ത് നിന്നും കുടുക്കിയത്. ഇയാൾക്കെതിരെ വിവിധ കോടതികളിലായി 26 അറസ്റ്റ് വാറണ്ടുകളുണ്ട്. മലപ്പുറം ജില്ലയിലെ സ്കൂളിൽ അഡ്മിനിട്രേറ്റീവ് ഓഫിസറായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ 1972 ൽ എൽ.ഡി ക്ലർക്കായി എറണാകുളം ജില്ലയിൽ ജോലിയിൽ പ്രവേശിച്ച ഇയാൾ പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ജോലി നോക്കി.
2003 ൽ സീനിയർ സൂപ്രണ്ടായി. ഇതിനിടെ മുപ്പതോളം വിസ തട്ടിപ്പു കേസുകളിൽ പ്രതിയായതിനെ തുടര്‍ന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിസക്ക് പണം നല്കിയവര് നിരന്തരം അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ ജീവനൊടുക്കിയിരുന്നു. ഇതിനിടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
കേസുകളില്‍ അറസ്റ്റിലായെങ്കിലും ജാമ്യമെടുത്ത് മുങ്ങിയ ശേഷം കേരളത്തിനകത്തും ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമായി ഒളിവിൽ കഴിഞ്ഞു.
ഇവിടെയെല്ലാം റിട്ട. സബ് കലക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ജോലികൾ ചെയ്തു. ഇതിനിടെ പാലക്കാട് ചേർപ്പുളശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ സൃഷ്ടിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങി.
ഫസലുദ്ദീന്റെ മൊബൈൽ ഫോൺ നമ്പർ കണ്ടെത്തിയാണ് ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കുടുക്കിയത്. സ്കൂളിനോട് ചേർന്ന മുറിയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ അവിടെയെത്തിയ അന്വേഷണസംഘം സ്കൂൾ ഓഫിസിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.