അയൽവാസിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsഷിബി
പത്തനംതിട്ട: അയൽവാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. റാന്നി നെല്ലിക്കാമൺ പാറക്കൽ തെക്കേകാലായിൽ ഷിബി സി. മാത്യുവിനെയാണ് (40) റാന്നി പൊലീസ് 2019 ആഗസ്റ്റ് ഒന്നിന് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിച്ചത്. അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.പി. ജയകൃഷ്ണന്റേതാണ് വിധി. നെല്ലിക്കാമൺ വെട്ടിമല കണമൂട്ടിൽ കെ.പി. മാത്യുവാണ് (49) വെട്ടേറ്റ് മരിച്ചത്.
പിഴത്തുക ഇദ്ദേഹത്തിന്റെ ഭാര്യ ഷൈനി മാത്യുവിന് നൽകാനും അടക്കാത്തപക്ഷം റവന്യൂ റിക്കവറിയിലൂടെ ഈടാക്കണമെന്നും വിധിയിൽ പറയുന്നു. രണ്ടുവർഷത്തെ തടവുകൂടി അനുഭവിക്കുകയും വേണം. 2019 ജൂലൈ 31ന് രാത്രി 10.30ന് വീടിന് സമീപത്തുെവച്ചാണ് മാത്യുവിന് വെട്ടേറ്റത്.
സംഭവശേഷം ഷിബി സി. മാത്യു ഒളിവിൽ പോയി, ഇതിൽ സംശയം തോന്നിയ പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിെന്റ ചുരുളഴിയുകയായിരുന്നു. അന്നത്തെ പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥനാണ് പ്രതിയെ പിടികൂടിയതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.
സംഭവദിവസം രാത്രി എട്ടോടെ, കെ.വി. മാത്യു പ്രതി ഷിബിയുടെ പിതാവിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മർദിച്ച് തള്ളി താഴെയിടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ഷിബി റോഡിലൂടെ നടന്നുപോയ മാത്യുവിനെ ൈകയിൽ കരുതിയ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. അതുവഴി വന്നവർ മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.