സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തിന് നടപടി
text_fieldsപത്തനംതിട്ട: സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നു.
മൂഴിയാര്‍ പവര്‍ഹൗസിനോട് ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സുകളില്‍ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടി എത്രയുംവേഗം സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്ക് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍ദേശം നല്കി.
ആദിവാസി മേഖലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവിധ വകുപ്പുകള്‍ യോഗത്തില്‍ വിശദീകരിച്ചു. മൂഴിയാറിലും സീതത്തോടും താമസിക്കുന്ന ആദിവാസികള്‍ക്ക് ആധാറില്ലാത്ത കാരണത്താല്‍ ബാങ്ക് അക്കൗണ്ട് എടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ആധാറില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കായി ബാങ്ക് ജോലി ലഭിക്കുന്നതിനുള്ള പരിശീലനം നടത്താനും യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനായിട്ടായിരിക്കും നടത്തുക.
എല്ലാവര്ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ കയറുക പ്രാവര്‍ത്തികമല്ലാത്തതിനാല്‍ കുട്ടികളെ ഒരിടത്ത് എത്തിച്ച് ക്ലാസ് ഒരുമിച്ച് നടത്തും. രോഗസ്ഥിരീകരണ നിരക്ക് കുറയുന്നതിനനുസരിച്ച് 50 പേരെവെച്ച് ക്ലാസുകള്‍ നടത്താമെന്നും യോഗം തീരുമാനിച്ചു. ബാങ്ക് ജോലിക്ക് 28 വയസ്സാണ് വേണ്ടത്. എന്നാല്‍, ആദിവാസി ഗ്രൂപ്പിലുള്ളവര്‍ക്ക് അഞ്ച് വയസ്സ് വരെ ഇളവുണ്ട്. അങ്ങനെ നോക്കുമ്പോള്‍ 31വയസ്സുള്ളവരെ വരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ് പറഞ്ഞു.
കുട്ടികള്‍ സ്കൂളുകളില്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധനകള്‍, വിമുക്തിയുമായി ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം, കുട്ടികളെ കൃത്യമായി എത്തിക്കുന്നതിനായി വാഹന സൗകര്യം, ഉച്ചഭക്ഷണം, മെഡിക്കല്‍ ക്യാമ്പുകള്‍, വിതരണം ചെയ്യുന്ന ഹെല്‍ത്ത് മിക്സുകള്‍ കൃത്യമായി കഴിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധന എന്നിവ നടത്തണമെന്ന് അതത് വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. പട്ടികജാതി -വര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു യോഗം. അഡ്വ. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ, അസി. കലക്ടര്‍ സന്ദീപ് കുമാര്‍, ജില്ല ട്രൈബര്‍ ഡവലപ്മെന്റ് ഓഫിസര്‍ എസ്.എസ്. സുധീര്‍, ട്രൈബല്‍ വകുപ്പ്, കെ.എസ്.ഇ.ബി, പഞ്ചായത്ത്, വനംവകുപ്പ്, കുടുംബശ്രീ, ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.