അടൂർ ജനറൽ ആശുപത്രി ഫാർമസിയിൽ തീപിടിത്തം; ഒന്നരലക്ഷം രൂപയുടെ നഷ്ടം
text_fieldsഅടൂർ: അടൂർ ജനറൽ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ തീപിടിത്തം. ഫ്രിഡ്ജ്, പ്രിന്റർ എന്നിവ കത്തിനശിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച പുലർച്ച 3.30നായിരുന്നു സംഭവം. അടൂർ അഗ്നിരക്ഷസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സേന സംഭവ സ്ഥലത്തെത്തി ഫാർമസിയുടെ അലുമിനിയം ഡോർ ലോക്ക് കട്ട് ചെയ്ത് അകത്തുകയറി. ഫ്രിഡ്ജിൽ സംഭരിച്ച മരുന്നുകളും പൂർണമായും കത്തിനശിച്ചിരുന്നു. ഫ്രിഡ്ജിന്റെ സമീപത്തുണ്ടായിരുന്ന പ്രിന്ററിനും പേപ്പറുകൾക്കും തീപിടിച്ചു. സീനിയർ ഓഫിസർ ജി.വി. രാജേഷ്, ഓഫിസർമാരായ ദിനൂപ്, സാനിഷ്, ശരത്, രാജേഷ്, അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദുരൂഹം -കോൺഗ്രസ്
അടൂർ: അടൂർ ജനറൽ ആശുപത്രിയിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസിയിൽ തീകത്തിയ സംഭവം ദുരൂഹമാണെന്ന് കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. കമ്പ്യൂട്ടറും മറ്റു റെക്കോഡുകളുമാണ് നഷ്ടമായത്. മെഡിക്കൽ സർവിസസ് കോർപറേഷൻ ഗോഡൗണുകളിൽ നടന്ന തീപിടിത്തങ്ങളുടെ തുടർച്ചയാണ് അടൂരിൽ ഉണ്ടായത്. ആരോഗ്യമന്ത്രിയുടെ ജില്ലയിൽ നടന്ന തീപിടിത്തത്തിന് പിന്നിൽ അവരുടെ പങ്കും അന്വേഷിക്കണം. അഴിമതി മറച്ചുപിടിക്കാൻ ആസൂത്രിതമായി നടത്തിയതാണ് തീപിടിത്തം. റെക്കോഡുകളും കമ്പ്യൂട്ടറും മാത്രം എങ്ങനെയാണ് തീപിടിക്കുന്നത്. ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണമാണ് വേണ്ടത്. ബ്ലോക്ക് പ്രസിഡന്റ് എസ്. ബിനു അധ്യക്ഷതവഹിച്ചു.
ഉന്നതതല അന്വേഷണം വേണം -അഡ്വ. പഴകുളം മധു
അടൂർ: മെഡിക്കൽ സർവിസസ് കോർപറേഷൻ ഗോഡൗണിൽ നടന്ന തീപിടിത്തങ്ങളുടെ തുടർച്ചയായിട്ടാണ് ഈ സംഭവത്തെ കാണേണ്ടതെന്നും ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ നടന്ന തീപിടിത്തത്തെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.