അടൂർ-തെങ്ങമം റൂട്ടിൽ യാത്രാക്ലേശം രൂക്ഷം
text_fieldsഅടൂർ: അടൂരിൽനിന്ന് തെങ്ങമത്തിന് കൂടുതൽ ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാവിലെ രണ്ട് സർവിസും ഉച്ചക്ക് ഒന്നും വൈകീട്ട് നാലിനും അഞ്ചരക്കും രണ്ട് സർവിസുമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്.
വൈകീട്ട് തിരക്കനുസരിച്ച് സർവിസ് പരിമിതമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെനിന്ന് വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കോളജ്, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി നോക്കുന്ന തെങ്ങമത്തുകാർ നിരവധിയാണ്. ഇവർക്കെല്ലാം കൂടി പോകാൻ രണ്ട് സർവിസ് മാത്രമാണ് ഉള്ളത്. അതിനാൽ ഉള്ള ബസിൽ തിക്കിത്തിരക്കിയാണ് യാത്ര. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ബസ് എടുക്കുമ്പോൾ തന്നെ യാത്രക്കാർ നിറയും. തുടർന്ന് യാത്രക്കിടെ പ്രൈവറ്റ് ബസ്സ്റ്റാൻഡ്, മറ്റ് വിവിധ സ്റ്റോപ്പുകളിൽനിന്ന് യാത്രക്കാരെ കയറ്റാൻ കഴിയാത്ത സ്ഥിതിയാണ്. അടൂരിൽനിന്ന് തെങ്ങമത്ത് ടാക്സി വാഹനങ്ങളിൽ പോകണമെങ്കിൽ നല്ലതുക മുടക്കേണ്ടിവരും.
സാധാരണക്കാരെയും സ്കൂൾ കോളജ് കുട്ടികളെ സംബന്ധിച്ചും ഇത് താങ്ങാൻ കഴിയില്ല. അടൂർ ഹോസ്പിറ്റൽ ജങ്ഷനിൽ ഉൾപ്പെടെ നിൽക്കുന്ന യാത്രക്കാർ ബസിൽ കയറാൻ കഴിയാതെ നിൽക്കേണ്ടി വരുന്നു. ബസിൽ ആൾക്കാരെ കുത്തിനിറച്ചാണ് പോകുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. വൈകീട്ട് ഈ റൂട്ടിൽ സ്വകാര്യ ബസുകളും ഇല്ല. രാത്രി ഏഴിനും 9 .30നും തെങ്ങമത്തിനുണ്ടായിരുന്ന സർവിസ് കോവിഡിനു ശേഷം പുനരാരംഭിച്ചില്ല. വൈകീട്ട് 9.30ന് തെങ്ങമം കെ.എസ്.ആർ.ടി.സി സ്റ്റേ ബസിന്റെ സർവിസും നിലച്ചതോടെ ഗ്രാമവാസികൾ ബുദ്ധിമുട്ടുകയാണ്. ഇതോടെ ഉൾനാടൻ പ്രദേശമായ തെങ്ങമത്ത് യാത്രാക്ലേശം രൂക്ഷമായി. തോട്ടുവ - കൈതയ്ക്കൽ - വെള്ളച്ചിറ പള്ളിക്കൽ ഭാഗത്തേക്ക് ബസില്ലാത്തതിനാൽ ഗ്രാമവാസികൾ യാത്രദുരിതത്തിലാണ്. നേരത്തേ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അതൊന്നും ഇല്ല. പുലർച്ച അഞ്ചരക്ക് തെങ്ങമത്ത്നിന്ന് അടൂർ വഴി തിരുവനന്തപുരത്തിന് ഫാസ്റ്റ് സർവിസ് നടത്തിയിരുന്നു. ഇത് രാത്രി ഒമ്പതിന് തെങ്ങമത്ത് സ്റ്റേയായിരുന്നു. ഈ ബസിൽ എപ്പോഴും നല്ല തിരക്കായിരുന്നു. തിരുവന്തപുരം മെഡിക്കൽ കോളജ്, ആർ.സി.സി, കൂടാതെ എയർപോർട്ട് എന്നിവിടങ്ങളിലേക്ക് നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് ഈ സർവിസ് അനുവദിച്ചത്. കോവിഡ് കാലത്താണ് നിലച്ചത്. ഈ സർവിസ് പുനരാരംഭിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.