തകർന്ന കൈവരി നിർമിച്ചു നൽകാതെ അധികൃതർ; അപകടഭീഷണിയിൽ യാത്രക്കാർ
text_fieldsപുനലൂർ സംസ്ഥാന പാതയിലെ ടി.ബി ജങ്ഷനിലെ കൈവരി തകർന്ന പാലം
അടൂർ: വാഹനം ഇടിച്ച് മറിഞ്ഞതിനെ തുടർന്ന് പാലത്തിന്റെ തകർന്ന കൈവരി നിർമിക്കാൻ നടപടിയായില്ല. തിരക്കുള്ള കായംകുളം-പുനലൂർ സംസ്ഥാന പാതയിലെ ടി.ബി ജങ്ഷനിലെ പാലത്തിന്റെ കൈവരിയാണ് വാഹനം ഇടിച്ച് തകർന്നത്. കൈവരി തകർന്നിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും തകർന്ന ഭാഗത്ത് കൈവരി സ്ഥാപിക്കുന്നത് നീളുകയാണ്. തീരെ ഇടുങ്ങിയ പാലത്തിന്റെ ഒരു വശത്ത് തുടക്ക ഭാഗത്ത് കൈവരി ഇല്ലാത്തത് മൂലം ബൈക്കുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ തോട്ടിലേക്ക് മറിയാനുള്ള സാധ്യതയുണ്ട്. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പാതമായതിനാൽ രാത്രിയും പകലും ഒരുപോലെ തിരക്കാണ്. നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഇതുവഴി സർവിസ് നടത്തുന്നുണ്ട്.
കൂടാതെ തൂത്തുക്കുടി തുറമുഖം, തെങ്കാശി ഭാഗങ്ങളിൽനിന്ന് ടൺകണക്കിന് സാധനങ്ങളുമായി കണ്ടെയ്നർ, ടോറസ് ലോറികൾ ഇതുവഴി പോകുന്നുണ്ട്. തെങ്കാശി, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളിൽനിന്ന് നിരവധി പൂവണ്ടികളും തലങ്ങും വിലങ്ങും കടന്ന് പോകുന്നുണ്ട്.
തമിഴ്നാട്ടിൽനിന്ന് കെ.പി. റോഡ് വഴി കായംകുളത്തെത്തി ദേശീയ പാതയിൽ കയറി കൊച്ചിക്ക് പോകുന്ന നിരവധി ചരക്കുവാഹനങ്ങളുണ്ട്. തമിഴ്നാട്ടിൽനിന്ന് പച്ചക്കറികളുമായി നിരവധി ലോറികളും മിനി ലോറികളും കടന്നു പോകുന്നുണ്ട്. രാത്രിയിൽ പാലത്തിന്റെ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകട ഭീഷണി ഉയർത്തുന്നു. വീതി കുറഞ്ഞ പാലമായതിനാൽ എതിരെ വരുന്ന വലിയ വാഹനക്കൾക്ക് സൈ ഡ്കൊടുക്കുമ്പോൾ ബൈക്കുകളും ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് കൈവരി തകർന്ന ഭാഗത്ത് കൂടി തോട്ടിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.