വല്ലാത്തൊരു പണിയായിപ്പോയി...
text_fieldsഅടൂർ: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ വൃത്തിയാക്കാനായി ഓട പൊളിച്ചിട്ട് ആറ് മാസമായിട്ടും മൂടിയില്ല. പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് ഹൈസ്കൂൾ ജങ്ഷനിലെ ഓട വൃത്തിയാക്കലിന്റെ പേരിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചത്. വിജിലൻസ് അന്വേഷണം നേരിടുന്ന പത്തനംതിട്ട അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബി. ബിനു അന്ന് അടൂർ സബ് ഡിവിഷനിൽ ആയിരുന്നപ്പോഴാണ് ഈ പ്രവൃത്തി നടത്തിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോന്നിയതുപോലെ പൊളിച്ചതിനാൽ കോൺക്രീറ്റ് സ്ലാബുകൾക്ക് കേടുപറ്റി. 30 മീറ്റർ മാത്രം ദൈർഘ്യത്തിൽ ഓടയിൽനിന്ന് മണ്ണ് കോരി മാറ്റിയതല്ലാതെ പൂർവസ്ഥിതിയിലാക്കിയില്ല. 300 മീറ്ററോളം ഓടയുടെ വൃത്തിയാക്കൽ ബാക്കിയാണ്. കാൽനടക്കാരും ഇരുചക്ര വാഹനയാത്രികരും അപകടത്തിൽപെടുംവിധമാണ് ഇപ്പോൾ റോഡരിക്. ഇതുസംബന്ധിച്ച് വ്യാപാരികളും നാട്ടുകാരും നിരവധി പരാതി അയച്ചെങ്കിലും ഫലമുണ്ടായില്ല.
പരാതികൾക്കിടവരുത്തിയ ഉദ്യോഗസ്ഥൻ ബി. ബിനു പത്തനംതിട്ടയിലേക്ക് സ്ഥലം മാറുകയും ചെയ്തു. പകരം ചുമതലയേറ്റയാൾക്കും വ്യാപാരികൾ പരാതി നൽകി. കഴിഞ്ഞ നവംബർ മൂന്നിന് ഇവിടം സന്ദർശിച്ച പൊതുമരാമത്ത് നിരത്ത് വിഭാഗം പത്തനംതിട്ട എക്സിക്യൂട്ടിവ് എൻജിനീയർ ഓടയും നടപ്പാതയും പുതുക്കിപ്പണിയുമെന്ന് അറിയിച്ചിരുന്നു. ഇളകിയ സ്ലാബുകളും പൊളിച്ച അവശിഷ്ടങ്ങളുമാണ് ഇപ്പോഴുള്ളത്.
വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിങ് ഏരിയയിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾ റോഡിൽ നിർത്തുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. നിരവധി വിദ്യാർഥികൾക്ക് സ്ലാബിനിടയിൽ കുടുങ്ങിയും കാൽ തട്ടിയും പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ പിതാവും മകളും ഓടയിലകപ്പെട്ടിരുന്നു. സ്ലാബുകൾ ശരിയായ വിധത്തിൽ ഇടാത്തതിനാൽ മണ്ണും മാലിന്യവും ഒലിച്ചിറങ്ങി വെള്ളമൊഴുക്ക് വീണ്ടും തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.