അമിതവേഗവും കൊടും വളവും; അടൂർ ബൈപാസിൽ അപകടക്കെണി
text_fieldsഅടൂർ: തുടരെത്തുടരെ വളവും വാഹനങ്ങളുടെ അമിത വേഗവും അടൂർ ബൈപാസിൽ അപകടങ്ങൾക്കിടയാക്കുന്നു. നെല്ലിമുട്ടിപ്പടി മുതൽ ബൈപാസ് അവസാനിക്കുന്ന കരുവാറ്റ ഭാഗം വരെ അഞ്ചിലധികം വളവാണുള്ളത്.
പുതിയ ബൈപാസ് നിർമിച്ച സമയം ഇവിടെ ജനവാസ മേഖലയായിരുന്നില്ല. അതിനാൽ വളവുകൾ ഇല്ലാതാക്കാൻ കൂടുതൽ സ്ഥലം കണ്ടെത്തി വരുംകാലങ്ങളിലെ തിരക്ക് മുന്നിൽക്കണ്ട് ബൈപാസ് നിർമിക്കുന്നതിന് വീഴ്ച സംഭവിച്ചതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. വളവുള്ള ഭാഗത്ത് ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഈ സ്ഥാപനങ്ങളിലേക്ക് വളവിൽവെച്ച് വാഹനം റോഡിന് കുറുകെ തിരിക്കുമ്പോൾ ബൈപാസിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡിന്റെ ഇരുവശവുമുള്ള അനധികൃത പാർക്കിങ്ങും റോഡിന് നടുക്കിട്ട് വാഹനങ്ങൾ തിരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. കൊടും വളവായ വട്ടത്തറപ്പടി ഭാഗത്ത് ഒരേദിശയിൽ വരുന്ന വാഹനങ്ങൾ മുന്നിൽ പോകുന്നവയെ മറികടക്കാൻ ശ്രമിക്കുമ്പോൾ വളവുമൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടം ഉണ്ടാകുന്നുണ്ട്.
പാർഥസാരഥി ജങ്ഷൻ-വട്ടത്തറപ്പടി-മൂന്നാളം റോഡ് വട്ടത്തറപ്പടി വളവിൽ ബൈപാസിനെ മുറിച്ചുകടക്കുന്നുണ്ട്. ഈ പാതയിൽനിന്ന് ബൈപാസ് കുറുകെ കടക്കുമ്പോൾ ബൈപാസിലൂടെ നേരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാം.
ഇവിടെ വേഗ നിയന്ത്രണ സംവിധാനങ്ങളൊന്നും ക്രമീകരിച്ചിട്ടുമില്ല. റോഡിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കൊടും വളവുകളിൽ തടി കയറ്റി വരുന്ന ലോറികൾ, കണ്ടെയ്നർ, ട്രെയിലർ, പെട്രോൾ ടാങ്കുകൾ, മറ്റ് ചരക്ക് ലോറികൾ എന്നിവ പാർക്ക് ചെയ്യുന്നുണ്ട്.
ഇവിടെ കെട്ടിടം നിർമിക്കുമ്പോൾ നഗരസഭ ചട്ടപ്രകാരം പാർക്കിങ് സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഇത് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ല. കെട്ടിട നിർമാണസമയത്ത് പാർക്കിങ് സൗകര്യം ഒരുക്കുകയും കെട്ടിടത്തിന് നഗസഭയിൽനിന്ന് അനുമതി ലഭിച്ച് കഴിഞ്ഞാൽ ആ സ്ഥലം കെട്ടിയടച്ച് സ്റ്റോറായും മറ്റ് കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്നുണ്ട്. ഇതോടെ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വരുന്നവർ റോഡരികിൽ മാർഗതടസ്സം സൃഷ്ടിച്ചാണ് വാഹനങ്ങൾ നിർത്തുന്നത്. വൈകീട്ട് അഞ്ച് കഴിഞ്ഞാൽ നെല്ലിമൂട്ടിപ്പടി ഭാഗത്ത് ബൈപാസിൽ ബിവറേജസിൽ വരുന്നവരുടെ തിരക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.