സ്ഥലപരിമിതിയിൽ ഞെരുങ്ങി അടൂർ ജനറൽ ആശുപത്രി
text_fieldsഅടൂർ: ജനറൽ ആശുപത്രിയുടെ മുന്നിലെ നഗരസഭ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരമുള്ള ടോയ്ലറ്റ് നിൽക്കുന്ന സ്ഥലം ജനറൽ ആശുപത്രി വികസനത്തിന് ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നു.
ജനറൽ ആശുപത്രിയിൽ സ്ഥലപരിമിതി മൂലം പാർക്കിങ് സൗകര്യം കുറവാണ്. ഒ.പി കൗണ്ടറിന് മുന്നിൽ തിരക്കിനനുസൃതമായി വരി നിൽക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഒ.പി കൗണ്ടറിന് മുന്നിലെ വരി പലപ്പോഴും റോഡിലേക്ക് നീളുന്ന സ്ഥിതിയുമുണ്ട്. അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്നുതിരിയാനിടവുമില്ല.
അപകടങ്ങൾ ഉണ്ടായാൽ രോഗികളെ ആംബുലൻസിൽനിന്ന് ഇറക്കാനും കയറ്റാനും അസൗകര്യം ഉണ്ട്. കൂടുതൽ ആംബുലൻസുകൾക്ക് ഒരേസമയം നിർത്തി രോഗികളെ കയറ്റാനും മറ്റും അസൗകര്യമാണ്. ഇപ്പോൾ ശൗചാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലെ സ്ഥലത്ത് കുടുംബശ്രീയുടെ കടയുണ്ട്. ബാക്കിയുള്ള സ്ഥലത്ത് വഴിയോര പഴകച്ചവടക്കാരും തോർത്ത് കച്ചവടക്കാരുമാണ് തമ്പടിച്ചിരിക്കുന്നത്. ഈ സ്ഥലം ജനറൽ ആശുപത്രി കോമ്പൗണ്ടിനോട് ചേർത്താൽ ഈ ബുദ്ധിമുട്ടുകളെല്ലാം ഒരുപരിധി വരെ അവസാനിക്കും.
നിലവിൽ ആശുപത്രി വികസനത്തിന് ആശുപത്രിയുടെ പുറകിലുള്ള ഐ.എച്ച്.ആർ.ഡി അപ്ലയ്ഡ് സയൻസ് കോളജിന്റെ സ്ഥലം ഏറ്റെടുക്കാൻ ആലോചന നടന്നിരുന്നെങ്കിലും നടപടിയായില്ല. ശൗചാലയം പൊളിച്ച് ആ സ്ഥലം ആശുപത്രിയോട് ചേർത്താൽ അത് വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
ജനറൽ ആശുപത്രിയിൽ ദിനംപ്രതി രണ്ടായിരത്തിലധികം പേർ ചികിത്സ തേടി എത്തുന്നുണ്ട്. ട്രോമാകെയർ സംവിധാനം ഉള്ള ആശുപത്രിയാണ്. വടക്കടത്തുകാവ് പൊലീസ് ബറ്റാലിയനിൽ നിന്നുള്ളവരും ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. കൊല്ലം -ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ അവിടെ നിന്നുള്ളവരും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.