താലൂക്ക് വികസന ജനകീയ സമിതി; ശോചനീയം അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ
text_fieldsഅടൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടും പരിഹരിക്കണമെന്ന് അടൂർ താലൂക്ക് വികസന ജനകീയ സമിതി ആവശ്യപ്പെട്ടു. സർവിസുകൾ മുടങ്ങുന്നതിൽ ശക്തമായി പ്രതിഷേധവും രേഖപ്പെടുത്തി. അടൂർവഴി കടന്നുപോകുന്ന മിന്നൽ, സ്കാനിയ, സ്വിഫ്റ്റ് ഹൈബ്രിഡ് ബസുകൾക്ക് സ്റ്റോപ് അനുവദിക്കുകയും റിസർവേഷൻ സൗകര്യവും ഫെയർ സ്റ്റേജും ഉറപ്പാക്കുകയും വേണമെന്ന ആവശ്യമാണ് സമിതി മുന്നോട്ട് വെച്ചത്. നിലവിൽ, ഈ ബസുകൾക്ക് അടൂരിൽ റിസർവേഷൻ പോയന്റ് ഇല്ലാത്തതിനാൽ സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല. റിസർവേഷൻ അനുവദിച്ചിരിക്കുന്നത് കൊട്ടാരക്കരയിലും ചെങ്ങന്നൂരിലുമാണ്. ഇതുമൂലം അടൂർ യാത്രക്കാർക്ക് കൂടുതൽ ചാർജ് നൽകേണ്ടിവരുന്നു.
കൂടാതെ, അടൂർവഴി പോകുന്ന എ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. നിലവിൽ, ഇവ ബൈപാസ് വഴിയാണ് പോകുന്നത്, യാത്രക്കാർക്ക് ടൗണിൽനിന്ന് സ്റ്റോപ് ലഭിക്കുന്നത് ഏറെ ദൂരത്തിലാണ്. ഹൈസ്കൂൾ ജങ്ഷനിൽനിന്നുള്ള സ്റ്റോപ് ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ്. ചില ബസുകൾ രാത്രി സ്റ്റാൻഡിൽ കയറാതെ ബൈപാസിലൂടെ പോകുന്നത് ബസ് കാത്തിരിക്കുന്നവർ വലയുന്ന സ്ഥിതിയാണ്.
അടൂർ-മണിപ്പാൽ സർവിസ് പുനരാരംഭിക്കാനും പുതിയ അടൂർ-ബംഗളൂരു, അടൂർ-മൈസൂർ സർവിസുകൾ ആരംഭിക്കാനും അടൂർ സബ് ഡിപ്പോയെ ജില്ല ഡിപ്പോയാക്കി ഉയർത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഡിപ്പോയുടെ നിലവിലെ ശോച്യാവസ്ഥ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പാർക്കിങ് ഏരിയ തകർന്ന നിലയിലാണ്. ശുചിമുറികൾ പ്രവർത്തനക്ഷമമല്ല, പാർക്കിങ് ഏരിയയിൽ മതിയായ വെളിച്ചം പോലും ലഭ്യമല്ല, എന്ന പ്രശ്നവും സമിതി ഉന്നയിച്ചു.
യാത്രക്കാരുടെ ഈ ദുരിതാവസ്ഥ പരിഹരിക്കുന്നതിന് അധികാരികൾ ഉടൻ നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരും എന്ന മുന്നറിയിപ്പോടെയാണ് യോഗം അവസാനിച്ചത്. യോഗത്തിൽ ജോൺസൺ കുളത്തുംകരോട്ട്, സുരേഷ് കുഴുവേലി, വി.കെ. സ്റ്റാൻലി, ആർ. പത്മകുമാർ, സച്ചു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.