ഭരണസമിതിയില്‍ ഭിന്നത രൂക്ഷം; അടൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്സനെതിരെ ചേരിപ്പോര്
text_fieldsഅടൂര്‍: അടൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്സനെതിരെ ആരോപണവുമായി സ്വന്തം പാര്‍ട്ടിക്കാരനായ സ്ഥിരം സമിതി അധ്യക്ഷന്‍ രംഗത്തുവന്നു. ഇതോടെ സി.പി.എം ഏരിയ കമ്മിറ്റിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലുമായി ഒതുങ്ങി നിന്ന വിഷയം മറനീക്കിയിരിക്കുകയാണ്. ഘടകകക്ഷികള്‍ കൂടി ഏറ്റുപിടിച്ചതോടെ ഭരണസമിതിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി.
ചെയര്പേഴ്സൻ സി.പി.എമ്മിലെ ദിവ്യ റെജി മുഹമ്മദിനെതിരെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായ സി.പി.എമ്മിലെ റോണി പാണംതുണ്ടിലാണ് കൗണ്‍സില്‍ യോഗത്തില്‍ ആരോപണം ഉന്നയിച്ചത്. ചെയര്പേഴ്സൻ അഴിമതിക്കാരിയാണെന്ന് റോണി പറഞ്ഞതോടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
ദിവ്യ റെജി മുഹമ്മദും റോണി പാണംതുണ്ടിലും സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. കഴിഞ്ഞ ദിവസം പറക്കോട് സ്ഥാപിച്ച ബങ്കറിലും നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിലും ചെയര്പേഴ്സൻ ഇടപെട്ടതായും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് റോണിയുടെ ആരോപണം. ഭരണസമിതിയുടെ ആദ്യ രണ്ട് വര്‍ഷം സി.പി.ഐയിലെ ഡി. സജി ചെയര്‍മാനും ദിവ്യ റെജി മുഹമ്മദ് വൈസ് ചെയര്‍പേഴ്സനുമായിരുന്നു. എല്‍.ഡി.എഫ് ധാരണ പ്രകാരം സി.പി.ഐ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ദിവ്യ റെജി മുഹമ്മദിനെയാണ് സി.പി.എം ചെയര്പേഴ്സൻ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മറ്റൊരു ഏരിയ കമ്മിറ്റി അംഗമായ റോണി പാണംതുണ്ടിലിനെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം വന്നത് ഒരുവിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.
ധാരണ പ്രകാരം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം റോണി ഒഴിയണമെന്ന് സി.പി.എമ്മിന്റെ ജില്ല നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് പകരം ദിവ്യ റെജി മുഹമ്മദ് ചെയര്പേഴ്സൻ സ്ഥാനം ഒഴിയണമെന്ന വിചിത്രമായ ആവശ്യമാണ് ഏരിയ നേതൃത്വം മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില്‍ ജില്ല നേതൃത്വത്തിന്റെ ആവശ്യം ഫലത്തില്‍ ഏരിയ നേതൃത്വം തള്ളിയിരിക്കുകയാണ്. ഏരിയ കമ്മിറ്റി നേതാക്കളില്‍ ചിലര്‍ക്ക് വേണ്ടപ്പെട്ടയാളാണ് റോണി എന്നതാണ് കാരണം.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വേണം -സി.പി.ഐ
റോണി പാണംതുണ്ടില്‍ വഹിക്കുന്ന ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ധാരണ പ്രകാരം തങ്ങള്‍ക്കു ലഭിക്കണമെന്ന സി.പി.ഐയുടെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സി.പി.എമ്മിലും അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതെന്ന് പറയുന്നു. സ്ഥാനം ഒഴിയാന്‍ റോണിയോട് സി.പി.എം ജില്ല സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ റോണിക്ക് അനുകൂല നിലപാടാണ് എടുത്തത്. ഇതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല. തുടര്‍ന്ന് അവിശ്വാസത്തിന് സി.പി.ഐ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്ഥിരം സമിതിയില്‍ സി.പി.ഐക്ക് ഭൂരിപക്ഷമുണ്ട്.
അഴിമതി മറച്ചുവെച്ച ഭരണം -യു.ഡി.എഫ്
നഗരസഭയില്‍ അഴിമതി മറച്ചുവച്ചാണ് എല്‍.ഡി.എഫ് ഭരണം നടത്തിവരുന്നതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഭരണപക്ഷ കൗണ്‍സിലര്‍ തന്നെ ചെയര്പേഴ്സൻ അഴിമതി നടത്തിയതായി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് അധികാരമില്ല.സി.പി.ഐ ചെയര്മാന് ആയിരുന്ന കാലയളവ് മുതല്‍ ഇരുപാര്‍ട്ടിയും ചേര്‍ന്ന് അഴിമതി ഭരണമാണ് നടത്തിവന്നതെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി. സജി ചെയര്‍മാനായിരുന്ന കാലയളവില്‍ സര്‍ക്കാറില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി നിര്‍മിച്ച കണ്ടെയ്നര്‍ അഴിമതി കൂടി അന്വേഷിക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരായ വി. ശശികുമാര്‍, ഗോപു കരുവാറ്റ, സൂസി ജോസഫ്, സുധ പത്മകുമാര്‍, ബിന്ദു കുമാരി, അനു വസന്തന്, ലാലി സജി, ശ്രീലക്ഷ്മി ബിനു എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.