അടൂർ നഗരസഭ അധ്യക്ഷക്ക് ലഹരിമാഫിയയുമായി ബന്ധമെന്ന് ആരോപണം; പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsഅടൂർ: നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദിന് ലഹരിമാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സി.പി.എം കൗൺസിലർ റോണി പാണംതുണ്ടിലിന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി നഗരസഭയിലെത്തി. നഗരസഭ ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ച പ്രതിഷേധക്കാരുമായി പൊലീസ് ബലപ്രയോഗം നടത്തി.
ഷിബു ചിറക്കരോട്ട്, ബാബു ദിവാകരൻ, ജിനു കളീയ്ക്കൽ, ജയ്സൺ ഫിലിപ്പ്, അംജത് അടൂർ, അരവിന്ദ് എന്നിവർക്ക് പരിക്കേറ്റു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.ബിനു ഉദ്ഘാടനം ചെയ്തു. ശബ്ദ സന്ദേശം പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കാൻ സി.പി.എം തയാറാകമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഏഴംകുളം അജു, അഡ്വ. ബിജു വർഗീസ്, ബാബു ദിവാകരൻ, ഡി. ശശികുമാർ, ഉമ്മൻ തോമസ്, ആബിദ് ഷെഹിം, ജിനു കളീയ്ക്കൽ, അരവിന്ദ് ചന്ദ്രശേഖർ, കെ.പി. ആനന്ദൻ, അംജത് അടൂർ, നിസാർ കാവിളയിൽ, പൊന്നച്ചൻ മാതിരംപള്ളിൽ, നിരപ്പിൽ ബുഷ്റ, സൈജു പി. ജോൺ, ഉത്തമകുമാർ, തങ്കപ്പൻ കാവടിയിൽ എന്നിവർ സംസാരിച്ചു.
അടൂർ നഗരസഭ ചെയർപേഴ്സൻ ലഹരിമാഫിയകളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസും സൂപ്രണ്ടിനെയും ഉപരോധിച്ചു. ഉപരോധം ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് അനിൽ ചെന്താമര അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗമായ ചെയർപേഴ്സൻ ലഹരിക്കച്ചവടത്തെ സഹായിക്കുന്നുവെന്ന് ലോക്കൽ കമ്മിറ്റി അംഗവും കൗൺസിലറുമായ റോണി പാണംതുണ്ടിലാണ് പുറത്തുവിട്ടത്.
കെ.എസ്.ആർ.ടി.സി ജങ്ഷന് സമീപത്തെ കടയിൽ ലഹരി കച്ചവടം നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കട പൂട്ടാൻ നോട്ടീസ് നൽകണമെന്നും റോണി ചെയർപേഴ്സന് പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണം നടന്നില്ല. തുടർന്നാണ് റോണി നഗരസഭ അധ്യക്ഷക്കെതിരെ രംഗത്തെത്തിയത്. നഗരസഭ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്.
നിങ്ങൾ ലഹരി കച്ചവടക്കാരെ സഹായിക്കുകയാണെന്നും ലഹരി കച്ചവടം ചെയ്യുന്നവർക്ക് കുട പിടിക്കുകയാണെന്നുമാണ് വാട്സ്ആപ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, ഇതുവരെ പൊലീസ്-നഗരസഭ സംയുക്ത സംഘം കടകളിൽ പരിശോധന നടത്താൻ കൂട്ടാക്കിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.