വെറ്റില ഉപജീവനമാക്കിയ ആശ ഇനി പഞ്ചായത്തിെൻറ ഭരണചക്രം തിരിക്കും
text_fieldsഅടൂർ: ചന്തയിൽ വെറ്റിലയും പാക്കും ചുണ്ണാമ്പും വിറ്റ് ഉപജീവനം നടത്തിയ ആശ ഗ്രാമപഞ്ചായത്തിെൻറ ഭരണചക്രം തിരിക്കും. പറക്കോട് അനന്തരാമപുരം, അടൂർ ശ്രീമൂലം ചന്തകളിൽ വാണിഭം നടത്തുന്ന വി.എസ്. ആശയാണ് ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക് എത്തുന്നത്. പട്ടികജാതി സംവരണ വാർഡ് 18ൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി അറുകാലിക്കൽ പടിഞ്ഞാറ് വേലൻപറമ്പിൽ വീട്ടിൽ ആശ വിജയിച്ചത്.
18ാം വാർഡിലെ കസ്തൂർബ (ബി) കുടുംബശ്രീ അയൽക്കൂട്ടത്തിെൻറ സെക്രട്ടറിയാണ്. ഈ വാർഡിലെ പഞ്ചായത്ത് അംഗമായിരുന്ന മോഹൻ നായരാണ് ആശയെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ആനയിച്ചത്.
എൽ.ഡി.എഫിന് ഭരണം ലഭിച്ച ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. പഞ്ചായത്തിലെ മൂന്ന്, 18 എന്നിവയാണ് സംവരണ വാർഡുകൾ. മൂന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ടു. ശനിയാഴ്ചയും ശ്രീമൂലം ചന്തയിൽ ആശ കച്ചവടത്തിന് എത്തിയിരുന്നു. ഭർതൃമാതാവ് ശാരദയായിരുന്നു നേരത്തേ കച്ചവടം നടത്തിയിരുന്നത്. ശാരദക്ക് ആരോഗ്യപരമായ കാരണങ്ങളാൽ വ്യാപാരത്തിന് എത്താൻ കഴിയാതെ ആയപ്പോഴാണ് ആറുവർഷം മുമ്പ് ആശ കച്ചവടം ഏറ്റെടുത്തത്. വെറ്റിലയും പാക്കും മൊത്തക്കച്ചവടക്കാരിൽനിന്ന് വാങ്ങും.
ചുണ്ണാമ്പ് വീട്ടിൽ ഉണ്ടാക്കും. പെയിൻറിങ് തൊഴിലാളിയാണ് ഭർത്താവ് മണിക്കുട്ടൻ. വിദ്യാർഥികളായ അനൂപും അമലുമാണ് മക്കൾ. പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുമ്പോൾ കച്ചവടം ഭർത്താവിനെ ഏൽപിക്കാനാണ് ആശയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.