സി.പി.ഐയില്‍ പൊട്ടിത്തെറി; പെരിങ്ങനാട് ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ടരാജി
text_fieldsഅടൂർ: ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് എ.പി. ജയനെ പുറത്താക്കിയതിന് പിന്നാലെ സി.പി.ഐയില്‍ പൊട്ടിത്തെറി. പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചു. 15 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
ജയൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. അനധികൃത സ്വത്ത് സമ്പാദനം, വീടിന് സമീപം കോടികള്‍ മുടക്കി നിർമിച്ച പശുഫാം, തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് പിരിവിന്റെ കണക്ക് പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയില്ല തുടങ്ങിയവ സംബന്ധിച്ചാണ് ശ്രീനാദേവി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്.
തുടര്‍ന്ന് നാലംഗ പാര്‍ട്ടി കമ്മീഷൻ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ജയനെ നീക്കിയത്.
അഴിമതി നടത്തിയിട്ടില്ല; ഏത് അന്വേഷണവും നേരിടും -എ.പി. ജയൻ
അടൂർ: സി.പി.ഐ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്ത പാര്‍ട്ടി നടപടിയില്‍ പ്രതികരണവുമായി എ.പി. ജയൻ. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റി എന്നത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് ഇതറിഞ്ഞതെന്നും ജയൻ പറഞ്ഞു.
ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും യാതൊരു വിധ അഴിമതിയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ ഉന്നയിക്കപ്പെട്ട ആരോപണങ്ങളോട് യോജിക്കാൻ കഴിയില്ല. പാര്‍ട്ടി മുൻപാകെ പറയാനുള്ള കാര്യങ്ങള്‍ കൃത്യതയോടെ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 43 വർഷമായി പാർട്ടിയോടൊപ്പം നിൽക്കുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തനത്തിലൂടെ അനധികൃതമായി താൻ ഒന്നും സമ്പാദിച്ചിട്ടില്ല. നികുതികളും കൃത്യമായി അടച്ചിട്ടുണ്ട്. എന്നാൽ തന്നെ കള്ളനാക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പ് കിട്ടിയ ശേഷമേ താൻ മാധ്യമങ്ങളോട് പ്രതികരിക്കൂവെന്നും ജയൻ വ്യക്തമാക്കി. ശ്രീനാ ദേവി കുഞ്ഞമ്മയെ പറ്റി താൻ ഒന്നും പ്രതികരിക്കുന്നില്ല. അവരെ കുറിച്ച് നിരവധി പരാതി ലഭിച്ചിട്ടുണ്ട്. ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ തിരുത്തും എന്ന് കരുതുന്നതായും ജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.