ബി.എസ്.എൻ.എൽ കേബിൾ മുറിച്ചുമാറ്റിയ സംഭവം; പ്രതികൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി
text_fieldsഅടൂർ (പത്തനംതിട്ട): 40 ലക്ഷം രൂപയുടെ ബി.എസ്.എൻ.എൽ ഇൻറർനെറ്റ് കേബിൾ മുറിച്ചുമാറ്റിയ കേസിൽ മറ്റു പ്രതികൾക്കുവേണ്ടി അടൂർ പൊലീസിെൻറ പ്രത്യേക സംഘം തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്(50), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ്(18) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പാർട്ണർ അജി ഫിലിപ്, മൂന്ന് ജീവനക്കാർ എന്നിവർ ഒളിവിലാണ്. സംഘം മുറിച്ചുമാറ്റിയ കേബിളുകൾ കോളൂർ പടിയിൽ കെ.ഐ.പി കനാലിൽനിന്ന് പൊലീസ് കണ്ടെടുത്തു.
പറക്കോട് കേന്ദ്രീകരിച്ച് സ്ക്രീൻ ആൻഡ് സൗണ്ട് എന്ന കേബിൾ സ്ഥാപനത്തിെൻറ നടത്തിപ്പുകാരിൽ ഒരാളാണ് ജിജി ഫിലിപ്. അനൂപ് തൊഴിലാളിയും. ബി.എസ്.എൻ.എൽ കരാറുകാരൻ കൊടുമൺ സ്വദേശി രാഹുൽ കൃഷ്ണൻ എന്നയാൾ ഇൻറർനെറ്റ് കണക്ഷൻ നൽകുന്ന അസ്പെയർ ടെക് സൊലൂഷൻസ് ആൻഡ് അക്ഷയ സി.എസ്.സി എന്ന സ്ഥാപനത്തിെൻറ കേബിളുകളാണ് പ്രതികൾ നശിപ്പിച്ചത്.
പ്രതികളുടെ കേബിളിൽ കൂടിയും ഇൻറർനെറ്റ് സംവിധാനം ഉണ്ടായിരുന്നു. എന്നാൽ, രാഹുൽ നൽകുന്ന കണക്ഷൻ കൂടുതൽ ആളുകൾ എടുക്കാൻ തുടങ്ങിയതോടെ പ്രതികൾ നിയന്ത്രിക്കുന്ന കേബിൾ ആളുകൾ വേണ്ടെന്നുവെക്കാൻ തുടങ്ങിയതിെൻറ വൈരാഗ്യമാണ് അതിക്രമത്തിന് കാരണം.
2020 ഏപ്രിൽ 18നാണ് ആദ്യമായി കേബിൾ മുറിച്ചുമാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് രാഹുൽ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വീണ്ടും കേബിൾ മുറിച്ചതോടെ കുട്ടികൾക്ക് പഠിക്കാനായി ഇൻറർനെറ്റ് എടുത്ത രക്ഷാകർത്താക്കൾ പരാതിയുമായി രംഗത്തെത്തി.
തുടർന്ന് അന്വേഷണം ഊർജിതമാക്കിയിട്ടും കേബിൾ മുറിക്കൽ തുടർന്നു. സമീപ വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് ജിജി ഫിലിപ്പിനെയും അനൂപിനെയും അറസ്റ്റ് ചെയ്തത്.
കേബിളിനൊപ്പം കണക്ടറും വിലപിടിപ്പുള്ള മറ്റു ഉപകരണങ്ങളും പ്രതികൾ മോഷ്ടിച്ചിരുന്നു. അടൂർ ഡിവൈ.എസ്.പി ബി. വിനോദ്, സി.ഐ ബി. സുനുകുമാർ, എസ്.ഐമാരായ നിത്യ സത്യൻ, ബിജു ജേക്കബ്, സി.പി.ഒമാരായ റോബി ഐസക്, ജയൻ, അൻസാജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.