55 എസ്.ബി അക്കൗണ്ടില്‍ തിരിമറി; പഴകുളം സര്‍വിസ് സഹകരണ ബാങ്കില്‍ നടന്നത് വ്യാപക ക്രമക്കേടുകള്‍
text_fieldsബാങ്കിന്റെ ആസ്ഥാന ഓഫീസിലും മിത്രപുരം, അടൂര്‍ ഹൈസ്കൂള്‍ ജങ്ഷന് ശാഖകളിലും നടന്ന വ്യാപക തട്ടിപ്പിലൂടെ കോടികളുടെ ബാധ്യതയാണ് ബാങ്കിന് ഉണ്ടായത്
അടൂര്‍: പഴകുളം പി.ടി 64 നമ്പര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് മേലൂടും ശാഖകളായ മിത്രപുരം, ഹൈസ്കൂള്‍ ജംഗ്ഷന് എന്നിവിടങ്ങളിലായി നടന്നത് വ്യാപക ക്രമക്കേടെന്ന് സഹകരണ നിയമം 65ാം വകുപ്പ് പ്രകാരം നടന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
രാഷ്ട്രീയസമ്മര്‍ദം മൂലം ഏറെക്കാലം വെളിച്ചം കാണാതിരുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ബാങ്കില്‍ നടന്ന എല്ലാത്തരം തട്ടിപ്പുകളും അക്കമിട്ടുനിരത്തുന്നതാണ് അടൂര്‍ അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ യൂണിറ്റ് ഇന്‍സ്പെക്ടര്‍ ബി. സിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
അക്കൗണ്ട് ഉടമകള്‍ അറിയാതെയുള്ള ഓവര്‍ ഡ്രോവല്‍, സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വായ്പ, ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പേരില്‍ എടുത്ത ലക്ഷക്കണക്കിന് രൂപയുടെ വായ്പ തിരിച്ചടക്കാതിരിക്കുക എന്നിങ്ങനെ വിവിധങ്ങളായ ക്രമക്കേടുകളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്.
ബാങ്കിന്റെ ആസ്ഥാന ഓഫീസിലും മിത്രപുരം, അടൂര്‍ ഹൈസ്കൂള്‍ ജങ്ഷന് ശാഖകളിലും നടന്ന വ്യാപക തട്ടിപ്പിലൂടെ കോടികളുടെ ബാധ്യതയാണ് ബാങ്കിന് ഉണ്ടായത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2020 ആഗസ്റ്റ് 20 വരെ കാലയളവിലെ ലഭ്യമായ രേഖകള്‍ മാത്രമാണ് പരിശോധനക്ക് വിധേയമാക്കിയത്. ജീവനക്കാരും ഭരണ സമിതി അംഗങ്ങളും തങ്ങളുടെ ബന്ധുക്കളുടെ പേരിലെടുത്ത വായ്പകളൊന്നും തന്നെ തിരിച്ചടച്ചിട്ടില്ല.
മിത്രപുരം ശാഖയിലെ ജീവനക്കാരനും സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പിന്നീട് പിരിച്ചു വിടുകയും ചെയ്ത ഗിരീഷ് കൃഷ്ണന്, ഹൈസ്കൂള്‍ ജങ്ഷന് ശാഖയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മാനേജര്‍ എസ്. ഷീല, പ്യൂണ്‍ മുകേഷ് ഗോപിനാഥ്, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ. പ്രസന്നകുമാര്‍ എന്നിവര്‍ ബന്ധുക്കളുടെ പേരില്‍ ചിട്ടി, വായ്പ ഇനത്തില്‍ വന്‍ തുകകള്‍ കൈപ്പറ്റിയിട്ടുണ്ട്.
ഇതൊന്നും യഥാസമയം തിരിച്ചടച്ചിട്ടില്ല. ഹൈസ്കൂള്‍ ജങ്ഷന് ശാഖാ മാനേജര്‍ ആയിരുന്ന എസ്. ഷീലയുടെ ഭര്‍ത്താവ് ജയകുമാറിന്റെ പേരില്‍ ചിട്ടി, വിവിധ വായ്പ എന്നിവയുടെ ബാധ്യത 10,8100 രൂപയാണ്. ഹൈസ്കൂള്‍ ജങ്ഷന് ശാഖയിലെ പ്യൂണ്‍ മുകേഷ് ഗോപിനാഥ്, മാതാവ് രാധമ്മ, സുഹൃത്തും ബന്ധുവുമായ രഞ്ജിത്ത്, മുകേഷിന്റെ ഭാര്യ ചിപ്പി മോഹന്‍, ഭാര്യാമാതാവ് ഗീതാ മോഹന്‍, ജ്യേഷ്ഠഭാര്യ ആശ ഉമേഷ് എന്നിവരുടെ പേരില്‍ ചിട്ടി, വിവിധ തരം വായ്പ എന്നിവയിലൂടെ ഉണ്ടാക്കിയ ബാധ്യത ലക്ഷങ്ങളാണ്.
രാധമ്മ-14,30,782, രഞ്ജിത്ത്- 12,44,965, ചിപ്പി മോഹന്‍- 65,000, ആശ ഉമേഷ്- 87,000, ഗീതമോഹന്‍- 2,92,500 എന്നിങ്ങനെയാണ് ബാധ്യത. ആകെ 32,20,747 രൂപ വരും. മിത്രപുരം ശാഖയില്‍ സീനിയര്‍ ക്ലാര്‍ക്കായി സേവനം അനുഷ്ഠിച്ചിരുന്ന ഗിരീഷ് കൃഷ്ണന്, മാതാവ് ഇന്ദിര ഗോപാലകൃഷ്ണന്, പിതാവ് ഗോപാലകൃഷ്ണപിള്ള, ഭാര്യാമാതാവ് ഷൈലജ എന്നിവരുടെ പേരില്‍ വായ്പ എടുത്തും ചിട്ടി പിടിച്ചുമുണ്ടാക്കിയ ബാധ്യത 33,51,644 രൂപയുടേതാണ്.
സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രസന്നകുമാര്‍, ഭാര്യ ജിനു പ്രസന്നന്, മാതാവ് സരോജിനി, മകന് കെ.പി. ഷൈന്‍ എന്നിവരുടെ പേരില്‍ ഉണ്ടാക്കിയിട്ടുള്ള ആകെ ബാധ്യത 23,13,863 രൂപയാണ്. ഇങ്ങനെ ജീവനക്കാര്‍ക്ക് മാത്രം ബാങ്കിലുള്ള ബാധ്യത 98.67 ലക്ഷം രുപയുടേതാണ്. അടൂര്‍ ഹൈസ്കൂള്‍ ജങ്ഷന് ശാഖയില്‍ 55 സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളിലാണ് ക്രമക്കേട് നടന്നത്.
നിക്ഷേപകരുടെ അറിവോ സമ്മതമോ കൂടാതെ ചെക്കും വൗച്ചറും ചമച്ച് 36,57,552 രൂപ അപഹരിച്ചു. മിത്രപുരം ശാഖയില്‍ സീനിയര്‍ ക്ലാര്‍ക്കായിരുന്ന ഗീരീഷ് കൃഷ്ണനും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. ക്രമക്കേടിനെ കുറിച്ച് അറിയാമായിരുന്ന ജൂനിയര്‍ ക്ലാര്‍ക്ക് ധന്യ അക്കാര്യം വേണ്ടപ്പെട്ടവരെ അറിയിച്ചുമില്ല.
സ്ഥിരനിക്ഷേപത്തില്‍ നിന്ന് നിക്ഷേപകര്‍ അറിയാതെ വ്യാജരേഖ ചമച്ച് വായ്പ എടുത്തുവെന്നതാണ് മറ്റൊരു തട്ടിപ്പ്. ഹൈസ്കൂള്‍ ജങ്ഷന് ശാഖയിലെ പ്യൂണ്‍ മുകേഷ് ഗോപിനാഥാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. തന്റെ ഒപ്പുകള്‍ വ്യാജമായി ഇട്ടാണ് മുകേഷ് ക്രമക്കേട് നടത്തിയതെന്ന് മാനേജര്‍ ഷീല മൊഴി നല്കി. മുതലും പലിശയും ഉള്‍പ്പെടെ 29,54,538 രൂപ മുകേഷും ഷീലയും തുല്യമായി അടയ്ക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍ ജങ്ഷന് മാനേജര്‍ ഷീല, പ്യൂണ്‍ മുകേഷ് ഗോപിനാഥ് എന്നിവരെ പ്രതികളാക്കി അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പിന്റെ ഉത്തരവാദിത്തം മുഴുവന്‍ മുകേഷ് ഏറ്റെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.