വാഹനങ്ങളുടെ ചെറുമാതൃക ശേഖരവുമായി പ്രവാസി
text_fieldsഅടൂർ: വ്യത്യസ്ത വാഹനങ്ങളുടെ ചെറു മാതൃകകളുടെ ശേഖരം സൂക്ഷിക്കുകയാണ് പ്രവാസിയായ അടൂർ കോട്ടമുകൾ സൗഭാഗ്യ വില്ലയിൽ കെ. അബ്ദുസ്സലാം. 41 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം അടൂരിലെ ടൂറിസ്റ്റ് ബസ് ഉടമ കൂടിയാണ്.
16 കൊല്ലം മുമ്പാണ് സൗദിയിലെ വാഹനങ്ങളുടെ മിനിയേച്ചർ ശേഖരണം തുടങ്ങിയത്. വിവിധ കമ്പനികളുടെ ചെറുതും വലുതുമായ കാർ, ജീപ്പ്, മിസൈൽ വാഹനം, സിമന്റ് മിക്സർ, ക്രെയിൻ, കോൺക്രീറ്റ് മിക്സർ, ഫയർ എൻജിൻ, ബസ്, ടൂറിസ്റ്റ് ബസ്, ലോറി, ടിപ്പർ, ട്രക്ക്, പട്ടാളട്രക്ക്, പീരങ്കി, പെട്രോൾ ടാങ്കർ തുടങ്ങി അബ്ദുസ്സലാമിന്റെ ശേഖരത്തിൽ ഇല്ലാത്തതൊന്നുമില്ല. നാട്ടിൽ വിവിധ സ്ഥലങ്ങളിലെ പ്രദർശന മേളകളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
1979-80 വർഷം കുളക്കട ലൂഥർ കിങ് പാരലൽ കോളജിൽ അധ്യാപകനായ ശേഷം 1980ൽ വിദേശത്തേക്കുപോയി. സൗദിയിൽ ബഗ എന്ന സ്ഥലത്തും പിന്നീട് ഹയലിലുമായിരുന്നു ജോലി.
ഇപ്പോൾ ഹയലിൽ സൂപ്പർമാർക്കറ്റ് നടത്തുകയാണ്. അടൂരിൽ 'സൗഭാഗ്യ' ടൂറിസ്റ്റ് ബസ് ഉടമയായ അബ്ദുസ്സലാമിന് ലോക് ഡൗൺ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ബസുകൾക്ക് ഓട്ടമില്ലാത്തതിനാൽ അഞ്ച് ബസുകളിൽ മൂന്നെണ്ണം വിറ്റു. സി.പി.ഐ പ്രവർത്തകനായ ഇദ്ദേഹം എഴുത്തുകാരനും സാമൂഹിക മാധ്യമങ്ങളിൽ അന്തർദേശീയ രാഷ്ട്രീയ പ്രഭാഷകനുമാണ്. ഭാര്യ: സബീന. മക്കൾ: ഹസീന, ഹെന്ന, ഹല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.