നവകേരള സദസ്സിലെത്തുന്നത് എന്റെ നാട് തകര്‍ന്നുകൂടാ എന്ന ബോധ്യത്തോടെ -മുഖ്യമന്ത്രി
text_fieldsഅടൂർ: എന്റെ നാട് തകർന്നുകൂടാ, കേരളം തകർന്നുകൂടാ എന്ന ബോധ്യത്തോടെയാണ് നവകേരള സദസ്സിലെത്തുന്ന പതിനായിരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ നിയോജകമണ്ഡലത്തിലെ സദസ്സിനെ അടൂർ വൈദ്യൻസ് ഗ്രൗണ്ടിൽ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആരും നിർബന്ധിച്ചല്ല ആളുകൾ നവകേരള സദസ്സിനെത്തുന്നത്. എന്റെ നാടിന്റെ ഭാവി, എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്ന ബോധ്യത്തോടെയെത്തുന്നതാണവർ. എല്ലാ കൂട്ടായ്മകളെയും കവച്ചുവെക്കുന്ന ജനക്കൂട്ടമാണ് സദസ്സുകളിൽ എത്തുന്നത്. എന്നാൽ, ഗ്രൗണ്ടുകൾക്ക് ഉൾക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയിലേറെയാണ് ഓരോ സദസ്സിലും ഒഴുകിയെത്തുന്നത്. കനത്ത മഴയുണ്ടായിട്ടും അടൂരിലും സ്ഥിതി വ്യത്യസ്തമായില്ല- മുഖ്യമന്ത്രി പറഞ്ഞു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പൊന്നാടയും ഉപഹാരവും നൽകി മുഖ്യമന്ത്രി ആദരിച്ചു. അടൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന കാർഷിക പദ്ധതി ‘നിറ പൊലിവ് വിഷൻ 2025’ന്റെ ലോഗോ കൃഷി മന്ത്രി പി. പ്രസാദിനു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഡെപ്യൂട്ടി സ്പീക്കറും എം.എൽ.എയുമായ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, എം.ബി. രാജേഷ്, കെ. രാജൻ എന്നിവർ സംസാരിച്ചു. അടൂർ ആർ.ഡി.ഒ എ. തുളസീധരൻപിള്ള സ്വാഗതം പറഞ്ഞു. നിവേദനം സ്വീകരിക്കാൻ 25 കൗണ്ടർ ഒരുക്കിയിരുന്നു. സദസ്സിനു മുന്നോടിയായി നാടൻപാട്ട്, നൃത്തം, മോഹിനിയാട്ടം, തിരുവാതിര, കേരളനടനം എന്നിവ അരങ്ങേറി.
ആകെ ലഭിച്ചത് 23,610 നിവേദനം
പത്തനംതിട്ട: ജില്ലയില്‍ രണ്ടുദിവസമായി നടന്ന നവകേരള സദസ്സില്‍ ആകെ ലഭിച്ചത് 23,610 നിവേദനം. തിരുവല്ല- 4840, ആറന്മുള- 5558, റാന്നി- 3964, കോന്നി- 4516, അടൂര്‍- 4732 എന്നിങ്ങനെയാണ് നിയമസഭമണ്ഡലം തിരിച്ചുള്ള കണക്ക്.
ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍ എന്നിവര്‍ക്കുള്‍പ്പെടെ 20 മുതല്‍ 25 കൗണ്ടറാണ് മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയത്. സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പുതന്നെ വേദിക്ക് കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. സദസ്സിന് ശേഷവും നിവേദനം സ്വീകരിക്കാൻ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.