അടൂരിൽ ഓട നിർമാണം പാതിവഴിയിൽ; കലുങ്ക് പണിയും മുമ്പേ ടാറിങ്
text_fieldsഅടൂർ: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി നിർമിക്കുമെന്ന് പ്രഖ്യാപിച്ച കലുങ്ക് ഭാഗം ടാറിങ് നടത്തി. അടൂർ പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെ നഗരസഭയുടെ കുളത്തിലേക്കാണ് പാതയിലെ മലിനജലം ഒഴുകുന്നത്. ഇവിടെ ഓട അടഞ്ഞനിലയിലാണ്. നിർമാണം തുടങ്ങിയ ഓടയുടെ അനുബന്ധമായി കലുങ്ക് നിർമിക്കുന്നതിന് മുമ്പേ കഴിഞ്ഞ രാത്രിയിൽ ഇവിടെ ടാറിങ് നടത്തുകയായിരുന്നു.
ധിറുതിപിടിച്ച് രാത്രിയിൽ ടാറിങ് നടത്തിയത് ചില വ്യക്തികളെ പ്രീതിപ്പെടുത്താനാണെന്ന് ആരോപണമുണ്ട്. ഓട പണിത് ജനുവരിയോടെ ഇവിടെ കലുങ്ക് നിർമിച്ച് വെള്ളക്കെട്ട് പരിഹരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളം നിലവിലെ ഓടയിലൂടെ വലിയ തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു പദ്ധതി. സ്വകാര്യ ബസ് സ്റ്റാൻഡ്, ജനറൽ ആശുപത്രി, വിനോബഭാവെ റോഡ്, ശ്രീമൂലം തിരുനാൾ ചന്ത, എം.എൽ.എ ഓഫിസ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള മലിനജലം പോകേണ്ട പ്രധാന ഓട നിർമിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നിരവധി തവണ പൊതുമരാമത്ത്, ജലവിഭവ വകുപ്പ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗങ്ങളും നടത്തിയിരുന്നു. തുടർന്ന് കുളത്തിന് മുന്നിൽ ക്ഷേത്ര കാണിക്കവഞ്ചിയോട് ചേർന്ന് ഓടയും നിർമിച്ചിരുന്നു. എന്നാൽ, തുടർപ്രവർത്തനങ്ങൾ മുടങ്ങി.
ക്ഷേത്രക്കുളം മുതൽ വലിയ തോട് വരെ ഓട മണ്ണടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഒഴുകിവരുന്ന മാലിന്യം കുളത്തിൽ വീഴാതിരിക്കാൻ ഓടയുടെ ഭിത്തി ഉയരത്തിൽ കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ, കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കേണ്ട ഓടയുടെ തുടർ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇവിടെ കലുങ്ക് നിർമിക്കണമെന്ന് അറിയാവുന്ന പൊതുമരാമത്ത് അധികൃതർ തന്നെയാണ് ടാറിങ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.