ശബരിമല പാതയിലെ അപകട കനാല്‍പാലം: സംരക്ഷണഭിത്തി നിര്‍മിച്ചു
text_fieldsചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാതയിൽ പന്നിവിഴയിൽ സംരക്ഷണഭിത്തി കെട്ടി
നവീകരിച്ച കനാൽ പാലം
അടൂര്‍: ശബരിമല പാതയില്‍ കൈവരി തകര്‍ന്ന് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട പന്നിവിഴ പീഠികയില്‍ ദേവീക്ഷേത്ര ജങ്ഷനു സമീപം കല്ലട ജലസേചന പദ്ധതി കനാലിനു കുറുകെയുള്ള കനാല്‍ പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മിച്ചു. പാലത്തിന്‍റെ അപകടാവസ്ഥയെക്കുറിച്ച് 2021 ഡിസംബർ രണ്ടിന് 'മാധ്യമം' വാര്‍ത്ത നൽകിയിരുന്നു. ദേശീയപാത അതോറിറ്റി അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു. വശങ്ങള്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് കനാലിലേക്കു വാഹന ഡ്രൈവര്‍മാര്‍ ശ്രദ്ധിച്ചുപോകാന്‍ വെളിച്ചം പ്രതിഫലിക്കുന്ന വിവിധ നിറങ്ങളിലെ കല്ലുകളും പതിച്ചു.
പാലത്തിന്‍റെ കൈവരികളും സംരക്ഷണ ഭിത്തിയും തകർന്നിട്ട് 10 വര്‍ഷത്തിലേറെയായി. 45 വര്‍ഷം മുമ്പ് പണിതതാണ് പാലം. കൈവരിയില്ലാത്ത ഭാഗത്ത് കാടുകയറി വശങ്ങള്‍ കാണാനും കഴിഞ്ഞിരുന്നില്ല. ഇവിടെ കയറ്റവും വളവുമായതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ പെട്ടന്ന് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയില്ല. സംസ്ഥാന പാതയായിരുന്നപ്പോള്‍ തകര്‍ന്ന പാലമാണിത്. അപ്രോച്ച് റോഡിന് വീതിയും കുറവാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കനാലിലേക്കു മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്.
പൊതുമരാത്ത് വകുപ്പിന് കീഴിലെ പാത 2020ല്‍ ചവറ-മുണ്ടക്കയം ദേശീയപാതയുടെ ഭാഗമായി. ദേശീയപാത അതോറിറ്റി എറ്റെടുത്തിട്ടും പാലം പുനര്‍നിര്‍മിച്ചില്ല. ശബരിമല തീര്‍ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കേരളത്തിലെ ഒരു സുപ്രധാന ദേശീയപാത ആണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.