കോടികൾ ചെലവിട്ടിട്ടും അടൂരിൽ വെള്ളക്കെട്ട്
text_fieldsഅടൂർ: കോടികൾ ചെലവിട്ട് പാലവും അനുബന്ധമായി കലുങ്കും ഓട നവീകരണവും നടത്തിയിട്ടും അടൂരിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായില്ല.
മഴയെ തുടർന്ന് വൺവേ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പെട്രോൾ പമ്പിന് മുൻവശത്ത് പ്രധാന റോഡ് വെള്ളത്തിൽ മുങ്ങി. റവന്യൂ ടവർ പരിസരത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തുനിന്ന് വരുന്നിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ വാഹന ഗതാഗതം ദുഷ്കരമായി. വാഹനങ്ങൾ പോകുമ്പോൾ ചളിവെള്ളം തെറിച്ച് യാത്രക്കാരുടെ ദേഹത്ത് വീഴുന്നുണ്ട്. ഇവിടത്തെ വെള്ളക്കെട്ട് വ്യാപാരികൾക്കും ബുദ്ധിമുട്ടായി. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടകളിലും വെള്ളം കയറുന്നുണ്ട്. ഈ ഭാഗത്ത് അടുത്തിടെ ഓട നവീകരണവും റോഡരികിൽ ടൈലുകൾ പാകുകയും ചെയ്തിരുന്നു. ഇവിടെയും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
വലിയ തോതിലുള്ള വെള്ളക്കെട്ടുമൂലം കാൽനടക്കാർക്കുപോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. സെൻട്രൽ ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി അടുത്തടുത്തായി റോഡിന് കുറുകെ രണ്ട് കലുങ്കുകൾ പണിതിരുന്നു. എന്നാൽ, നിർമാണം ശാസ്ത്രീയമല്ലാത്തതിനാൽ വെള്ളക്കെട്ട് ഒഴിഞ്ഞില്ല. മഴക്കാലത്തിന് മുന്നോടിയായി നടക്കേണ്ട ഓടകളുടെ ശുചീകരങ്ങളും നടന്നിട്ടില്ല. മണ്ണും മറ്റു മാലിന്യവും ഓടയിൽ കിടക്കുന്നത് വെള്ളം ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വഴിയോര കച്ചവടക്കാർ അവരുടെ സാധനങ്ങൾ പാക്ക് ചെയ്ത് വരുന്ന കവറുകളും മറ്റും ഓടയിൽ തള്ളുന്നുണ്ട് പലയിടത്തും തകർന്ന സ്ലാബുകൾ മാറ്റാനും നടപടിയില്ല. ഇതോടെ ഓടകളിൽനിന്നുള്ള വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.