നടുറോഡില്‍ മദ്യപന്റെ വിളയാട്ടം; മണിക്കൂറോളം ഗതാഗതക്കുരുക്ക്
text_fieldsഅടൂര്‍: അടൂരിലും പരിസരപ്രദേശങ്ങളിലും മദ്യപന്മാരുടെ വിളയാട്ടം വര്‍ധിക്കുന്നു. ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊതുവഴികളിലാണ് മദ്യപന്മാരുടെ ശല്യം. ബാറുകളില്‍ സാധാരണക്കാർക്ക് നിലവാരം കുറഞ്ഞ മദ്യം കൂട്ടിക്കലര്‍ത്തിയാണ് നല്‍കുന്നതത്രെ. ഇതു കുടിച്ചിട്ട് അവിടെനിന്ന് ഇറങ്ങുമ്പോള്‍തന്നെ മദ്യപന്മാര് വീഴുന്ന സ്ഥിതിയാണ്. കെ.എസ്.ആര്.ടി.സി കവലയിലും ബസ് സ്റ്റാൻഡിലും മദ്യപന്മാര് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ചൊവ്വാഴ്ച നടുറോഡില്‍ മദ്യപന്റെ വിളയാട്ടം കാരണം മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. റോഡിനുകുറുകെ കിടന്ന ഇയാളെ ഒടുവില്‍ പൊലീസ് എത്തി പണിപ്പെട്ടാണ് മാറ്റിയത്. എന്നാല്‍, പൊലീസ് ഇയാളെ പാതയുടെ മധ്യഭാഗത്തെ ഡിവൈഡറില്‍ കിടത്തി പോവുകയായിരുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ ഹൈസ്കൂള്‍ കവലയിലും പരിസരങ്ങളിലും മദ്യപശല്യവും കഞ്ചാവ് വില്പനയും വ്യാപകമാണ്. കരുവാറ്റ ഗവ.എല്‍.പി.എസിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപന്മാര് തമ്മിലടിക്കുന്നത് പതിവാണ്. ജീവനക്കാര്‍ ഇവരെ പുറത്തിറക്കുന്നതിനെത്തുടര്ന്ന് തമ്മിൽത്തല്ല് പാതയിലേക്കാകും.
എം.സി റോഡും കായംകുളം-പത്തനാപുരം സംസ്ഥാന പാതയും ഒന്നായി കടന്നുപോകുന്ന ഇവിടെ മദ്യപന്മാര് തമ്മിലെ കൈയാങ്കളി കാരണം വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ബുധനാഴ്ച കാല്‍നടക്കാരി വിദ്യാര്‍ഥിനി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബാറില്‍നിന്ന് ഇറങ്ങിയ മദ്യപനില്നിന്ന് രക്ഷനേടാന്‍ പെട്ടെന്ന് റോഡ് മുറിച്ചുകടക്കാന്‍ വിദ്യാര്‍ഥിനി ശ്രമിച്ചതാണ് കാരണം.
കേരള സര്‍വകലാശാല യു.ഐ.ടി, ഗവ. ബോയ്സ്, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, ബി.എഡ് സെന്റര്‍, കേന്ദ്രീയ വിദ്യാലയം, ഐ.ടി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്ത് വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്‍ക്കുന്നത് ബാറിന്റെ സമീപത്തെ കാത്തിരിപ്പുകേന്ദ്രത്തിലാണ്.
മദ്യപന്മാരുടെ ശല്യം അകറ്റാന്‍ പൊലീസ് മെനക്കെടാറില്ലെന്നും പൊലീസിന്റെ സാന്നിധ്യം കവലയില്‍ മിക്കപ്പോഴും ഉണ്ടാകാറില്ലെന്നും വിദ്യാര്‍ഥികളും നാട്ടുകാരും പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ലോബി കവലയിലെ ഇടവഴിയിലും മറ്റുമാണ് തമ്പടിക്കുന്നത്. ചില കടകളില്‍ രഹസ്യമായി പുകയില ഉൽപന്ന വിപണനവുമുണ്ട്. മുമ്പ് ഈ ഭാഗങ്ങളില്‍നിന്ന് നിരോധിത പുകയില ഉൽപന്നങ്ങള് പിടിച്ചെടുത്ത് കേസാക്കിയിരുന്നു. എക്സൈസോ പൊലീസോ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.