കൈയേറ്റവും മാലിന്യം തള്ളലും പള്ളിക്കലാറിനെ നശിപ്പിക്കുന്നു; പരിഹരിച്ചില്ലെങ്കിൽ അടൂര്‍ ഇനിയും മുങ്ങും
text_fieldsഅടൂര്‍: മാലിന്യവാഹിനിയായി ഒഴുകിയ പള്ളിക്കലാര്‍ നാലുവര്‍ഷം മുമ്പ് ആയിരങ്ങള്‍ ഒത്തൊരുമിച്ച് വൃത്തിയാക്കിയപ്പോള്‍ പരിസ്ഥിതി സ്നേഹികൾക്ക് ആഹ്ലാദമായിരുന്നു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റീസര്‍വേ ഉദ്യോഗസ്ഥര്‍ അളവുകോലുമായി നടന്നപ്പോഴും പ്രതീക്ഷയിലായി. എന്നാൽ, രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും തല്പരകക്ഷികളുടെയും സമ്മര്‍ദഫലമായി കൈയേറ്റങ്ങള്‍ ഒന്നുപോലും ഒഴിപ്പിക്കപ്പെട്ടില്ല. ചെറുതും വലുതുമായ കൈയേറ്റങ്ങള്‍ മൂലം ആറിെൻറ വിസ്തൃതിയും വെള്ളമൊഴുക്കും തടസ്സപ്പെട്ടതും കാരണമാണ് മുെമ്പങ്ങും ഉണ്ടാകാതിരുന്ന വലിയ വെള്ളപ്പൊക്കം അടൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായത്.
2017ല്‍ അടൂര്‍ നഗരസഭയുടെയും ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. പള്ളിക്കലാറിെൻറ ഉത്ഭവസ്ഥലമായ ഏഴംകുളം പുതുമല ഇൗട്ടിമൂട്ടില്നിന്ന് ആരംഭിച്ച ശുചീകരണം പള്ളിക്കല്‍ പഞ്ചായത്തിലെ ആനയടി ഭാഗംവരെയാണ് നടന്നത്. ആറിെൻറ ഭാഗമായ അടൂര്‍ വലിയതോട് ശുചീകരിച്ചാണ് തുടക്കം കുറിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റ് യന്ത്രസാമഗ്രികളും ശുചീകരണത്തിന് ഉപയോഗിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ ആറിെൻറ മുഖച്ഛായ മാറി. ഇപ്പോൾ പഴയതിനേക്കാള്‍ ഗുരുതരമായ അവസ്ഥയിലാണ് പള്ളിക്കലാര്‍. മാലിന്യം വീണ്ടും ആറിനെ കൈയടക്കി. പള്ളിക്കലാറിെൻറ നവീകരണവുമായി ബന്ധപ്പെട്ട് തോട് കൈയേറ്റം കണ്ടുപിടിക്കാൻ റീസര്‍വേ നടന്നിരുന്നു. ആറ് സര്‍വേയര്‍മാരെയാണ് റവന്യൂവകുപ്പ് നിയോഗിച്ചത്.
എവിടെയൊക്കെയോ ചിലത് അളന്ന് കല്ലിട്ടു. പക്ഷേ, നടപടികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ വകുപ്പിന് സാധിച്ചില്ല. അളന്നിട്ട കല്ലുകള്‍ ഒന്നും ഇപ്പോഴില്ല. അതിര്‍ത്തി തിട്ടപ്പെടുത്തി കൈയേറ്റം കണ്ടെത്തിയ ഭാഗങ്ങള്‍ ഒഴിപ്പിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തിയതോടെയാണ് കല്ലുകള്‍ അപ്രത്യക്ഷമായത്. അടൂര്‍ നഗരം മുതല്‍ നെല്ലിമൂട്ടില്പ്പടിവരെ വ്യാപക കൈയേറ്റമാണുള്ളത്. പഞ്ചായത്തുകളും നഗരസഭയും ആദ്യം കാണിച്ച ആവേശം പിന്നീടുണ്ടായില്ല. അടൂര്‍ നഗരത്തിലൂടെ പോകുന്ന വലിയതോട്ടില്‍ വന്‍തോതില്‍ മാലിന്യം അടിഞ്ഞുകിടക്കുകയാണ്. തോടിന് കുറുകെ പണിയുന്ന പാലങ്ങളുടെ താഴെ മുളയും മറ്റും വെച്ച് തടസ്സം സൃഷ്ടിച്ചിരിക്കുന്നതും വശങ്ങളില് ഭിത്തി കെട്ടാന്‍ മണ്ണുനീക്കി കൂട്ടിയിട്ടിരിക്കുന്നതും വെള്ളപ്പൊക്കത്തിന് പ്രധാന കാരണങ്ങളില്‍ ചിലതാണ്. വലിയ തോട്ടിലും ഉപതോടുകളില്നിന്നും ഒഴുകിവന്ന വെള്ളത്തിലൂടെ മാലിന്യം തങ്ങിനിന്ന് വെള്ളം പൊങ്ങി കരയിലേക്ക് കയറി. ഈ മുളങ്കമ്പുകളും മാലിന്യങ്ങളും ഇനിയും അധികൃതര്‍ നീക്കിയിട്ടില്ല. മണക്കാല, നെല്ലിമുകള്‍, മുണ്ടപ്പള്ളി ഭാഗങ്ങളിലും മാലിന്യം അടിഞ്ഞുകൂടി. അടൂര്‍ നഗരത്തില്‍ ഭക്ഷണശാലകള്‍ കൂടുന്തോറും തോട്ടില്‍ ഭക്ഷണമാലിന്യം നിറയുകയാണ്. വലിയതോട്ടിലേക്ക് അറവുമാലിന്യവും വൻതോതിൽ തള്ളുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.